വാരണാസി: പ്രശസ്‌ത ഒടിടി സീരീസായ 'മിർസാപൂരിലെ' രംഗം അനുകരിച്ച് റീൽ നിർമിക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വേദ് പ്രകാശ് യാദവ്, അമൻ യാദവ് കട്ട എന്നീ രണ്ട് യുവാക്കളാണ് പിടിയിലായത്. സ്വാതന്ത്ര്യ സമര സേനാനിയും ബിഎച്ച്‌യു (ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി) സ്ഥാപകനുമായ ഭാരതരത്‌ന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ പ്രതിമയ്‌ക്ക് സമീപത്ത് വച്ചാണ് ഇവർ റീൽ ഷൂട്ട് ചെയ്‌തത്.
പൊലീസ് പറയുന്നതനുസരിച്ച്, വേദ് പ്രകാശ് യാദവ് കാറിൽ തൻ്റെ രണ്ട് കാലുകളും ഡാഷ്‌ബോർഡിൽ വച്ച് മാളവ്യയുടെ പ്രതിമയെ ചുറ്റിക്കറങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു. കൂടാതെ കസേരയിൽ ഇരുന്ന് വേദ് പുകവലിക്കുന്നതും വീഡിയോയിൽ കാണാം. വേദിന്‍റെ പുറകിലായി അമൻ നിൽക്കുന്നുണ്ട്. 'മിർസാപൂർ' തീം സോങ്ങാണ് പശ്ചാത്തലത്തിൽ ഇവർ നൽകിയത്.
വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. പൊതുസമാധാനത്തിന് ഭംഗം വരുത്തിയെന്ന കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തതെന്ന് കാൻ്റ് ഇൻസ്‌പെക്‌ടർ ശിവകാന്ത് മിശ്ര പറഞ്ഞു. രണ്ട് യുവാക്കളെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. അതേസമയം വീഡിയോ വൈറലായതോടെ നാട്ടുകാർക്കും ബിഎച്ച്‌യു വിദ്യാർഥികൾക്കും അക്കാദമിക് വിദഗ്‌ധർക്കും ഇടയിൽ അമർഷം ഉടലെടുത്തതായും പൊലീസ് വ്യക്തമാക്കി.