ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുതിയ സംവരണ നയം പുനഃപരിശോധിക്കുമെന്ന് ജമ്മു കശ്‌മീർ ആരോഗ്യ - വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ. സംവരണ നയം ജമ്മു കശ്‌മീർ മെഡിക്കൽ കോളജുകളിലെ സീറ്റ് അലോട്ട്മെന്‍റിനെ ബാധിക്കുന്നുണ്ടെന്നും സക്കീന ഇറ്റൂ ഇടിവി പറഞ്ഞു. ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സക്കീന ഇറ്റൂ.
വിഷയം വളരെ സെൻസിറ്റീവ് ആണ്. ഉദ്യോഗാർഥികളും മെഡിക്കൽ വിദ്യാർഥികളും ഉന്നയിച്ച എതിർപ്പുകൾ ചർച്ച ചെയ്യും. അത് എങ്ങനെ പരിശോധിക്കാമെന്ന് സർക്കാർ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ വർഷം ആദ്യമാണ് ലെഫ്റ്റനന്‍റ് ഗവർണറുടെ നേതൃത്വത്തിലുള്ള ഭരണകൂടം, റിക്രൂട്ട്‌മെന്‍റിനും പ്രവേശനത്തിനുമായുള്ള 2004 ലെ ജമ്മു കശ്‌മീർ സംവരണ നിയമം ഭേദഗതി ചെയ്‌തത്. സംവരണ വിഭാഗങ്ങൾക്കുള്ള സംവരണം 60% ആയി വർധിപ്പിച്ചപ്പോൾ ജനറൽ വിഭാഗ ക്വാട്ട 40% ആയി ചുരുക്കി. ഭേദഗതിയിൽ പഹാരി സംസാരിക്കുന്ന വ്യക്തികളെയും മറ്റ് 15 ജാതികളെയും പട്ടികയിൽ ഉൾപ്പെടുത്തി ഓപ്പൺ-കാറ്റഗറി വിദ്യാര്‍ഥികളുടെ സാധ്യത കുറച്ചു.
'നമ്മൾ ഒരു ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. ജനാധിപത്യപരമായി തങ്ങളുടെ എതിർപ്പുകൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സർക്കാർ ഈ വിഷയം അവലോകനം ചെയ്യുകയും ഇത് പരിഗണിക്കുകയും ചെയ്യും. അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ജമ്മു കശ്‌മീർ സംവരണ ചട്ടങ്ങളിലെ റൂൾ 17 പ്രകാരം പ്രയോജനം നേടുന്നവരുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
പരിഷ്‌കരിച്ച സംവരണ നയത്തിലും നീറ്റ് - പിജി പ്രവേശനത്തിലെ ഓപ്പൺ മെറിറ്റ് സീറ്റുകൾ അടുത്തിടെ വെട്ടിക്കുറച്ചതിലും ശ്രീനഗർ ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ (ജിഎംസി) വിദ്യാർഥികൾ പ്രതിഷേധം നടത്തിയതിന് തൊട്ടുപിന്നാലെയാണ് സക്കീന ഇറ്റൂവിന്‍റെ പരാമർശം. മെഡിക്കൽ കോളജുകളിലെ മെറിറ്റ് അധിഷ്‌ഠിത പ്രവേശനത്തെ പ്രതികൂലമായി ബാധിച്ചതിനാൽ നയ മാറ്റങ്ങൾ തങ്ങളെ നിരാശരാക്കിയെന്ന് പ്രതിഷേധിച്ച വിദ്യാർഥികൾ പറഞ്ഞു.
2018ലെ എസ്ആർഒ 49-ന് കീഴില്‍ പിജി സീറ്റുകള്‍ 75 ശതമാനമായിരുന്നു. പുതിയ സംവരണ നിയമങ്ങളും ജമ്മു കശ്‌മീർ സംവരണ ചട്ടങ്ങളുടെ 17-ാം ചട്ടവും നടപ്പിലാക്കിയതിന് ശേഷം ഓപ്പൺ മെറിറ്റ് ക്വാട്ട 27 - 30 ശതമാനമായി കുറഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. സംവരണ നയം പുനഃപരിശോധിക്കുമെന്ന് നാഷണൽ കോൺഫറൻസ് പാര്‍ട്ടി പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു.
കേംബ്രിഡ്‌ജ് പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല
ജമ്മു കശ്‌മീർ ബോർഡ് അല്ലെങ്കിൽ എൻസിഇആർടി പാഠ്യ പദ്ധതിക്ക് പകരം കേംബ്രിഡ്‌ജ് പാഠ്യപദ്ധതി അടിച്ചേൽപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകി.
ഈ നടപടി രക്ഷിതാക്കൾക്ക് അന്യായമായ സാമ്പത്തിക ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. സർക്കാര്‍ സ്‌കൂളുകള്‍ പോലെത്തന്നെ സ്വകാര്യ സ്‌കൂളുകളും നിയമങ്ങൾ പാലിക്കാന്‍ ബധ്യസ്ഥരാണെന്ന് മന്ത്രി വ്യക്തമാക്കി.
സെൻട്രൽ കശ്‌മീരിലെ ഗന്ദർബാൽ ജില്ലയിലെ നാഗ്ബാലിലെ ആർപി സ്‌കൂളില്‍ ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് കേംബ്രിഡ്‌ജ് പാഠ്യപദ്ധതി നിർബന്ധമാക്കുന്നതില്‍ രക്ഷിതാക്കൾ പരാതി അറിയിച്ചിരുന്നു. ഇത് കുട്ടികളിൽ അക്കാദമിക് സമ്മർദവും കുടുംബങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയും വർധിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു.
സ്വകാര്യ സ്‌കൂളുകളിലെ ഉയർന്ന പുസ്‌തക വിലയും ഓപ്പൺ മാർക്കറ്റിൽ പുസ്‌തകങ്ങളുടെ ലഭ്യതക്കുറവും സംബന്ധിച്ച പരാതികൾക്ക് മുൻഗണന നൽകുമെന്ന് സക്കീന ഇറ്റൂ ഉറപ്പ് നൽകി.
കശ്‌മീരിലെ സാമൂഹ്യക്ഷേമ പദ്ധതികള്‍
വിധവകൾ, വൃദ്ധർ, ഭിന്നശേഷിക്കാര്‍ എന്നിവർക്കുള്ള പ്രതിമാസ സഹായം ഒക്‌ടോബർ വരെ അനുവദിച്ചിട്ടുണ്ടെന്ന് സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്‍റെ കൂടെ ചുമതലയുള്ള സക്കീന ഇറ്റൂ പറഞ്ഞു. പദ്ധതിയുടെ 90% ഫണ്ടും കേന്ദ്രം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കുടിശ്ശികയുള്ള ഫണ്ട് ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പാർട്ടി പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്‌തത് പോലെ, ദരിദ്രരും അനാഥരുമായ പെൺകുട്ടികൾക്കുള്ള വിവാഹ സഹായ ധനസഹായം 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്താനുള്ള നിർദേശം ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും സക്കീന ഇറ്റു വ്യക്തമാക്കി.