ഹൈദരാബാദ്: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അഭയകേന്ദ്രം പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രോഹിങ്ക്യകളുടെയും നുഴഞ്ഞ് കയറ്റക്കാരുടെയും വിഷയങ്ങള്‍ കേന്ദ്രം സൂക്ഷ്‌മമായി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. നീതി ആയോഗ് യോഗം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രഹ്ളാദ് ജോഷി. മമത ബാനര്‍ജി നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മമതയുടെ നടപടിയില്‍ ഇന്ത്യസഖ്യത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. മമത സഖ്യത്തിന് ഒരൊറ്റ സീറ്റ് പോലും ബംഗാളില്‍ നല്‍കിയില്ല. കോണ്‍ഗ്രസിനെ മമത അവിടെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോഹിങ്ക്യ അടക്കമുള്ള നുഴഞ്ഞ് കയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എഴുപതിനും എണ്‍പതുകള്‍ക്കും ശേഷം അടുത്തിടെ ഇത്തരക്കാര്‍ വന്‍തോതില്‍ രാജ്യത്തേക്ക് കടക്കുന്നുണ്ട്.
പശ്ചിമ ബംഗാളിന്‍റെ കവാടങ്ങള്‍ അയല്‍രാജ്യത്തെ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയവര്‍ക്കായി തുറന്നിട്ടിരിക്കുന്നുവെന്ന് അടുത്തിടെ മമത കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ പ്രസ്‌താവന നടത്തിയിരുന്നു. ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മമതയുടെ പ്രസ്‌താവന. അവര്‍ക്ക് അഭയം നല്‍കുമെന്നും മമത പറഞ്ഞിരുന്നു. മമതയുടെ ഈ പ്രസ്‌താവനകള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നുവെന്നും ജോഷി ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തികള്‍ അടയ്ക്കുമെന്നും നുഴഞ്ഞു കയറ്റം തടയുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റിനെതിരെ ഡിഎംകെ അംഗം ദയാനിധി മാരന്‍ നടത്തിയ വിമര്‍ശനങ്ങളോടും മന്ത്രി പ്രതികരിച്ചു. തമിഴ്‌നാടിന് നല്ല സഹായങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന മാരന്‍റെ വിമര്‍ശനങ്ങളും അദ്ദേഹം തള്ളി. ആരെയും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല. മോദി സര്‍ക്കാരിനെതിരെ ശബ്‌ദമുയര്‍ത്താന്‍ അവര്‍ ഇല്ലാത്ത ഓരോ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാണ്.
കേന്ദ്ര ബജറ്റ് പുരോഗമനപരവും വികസനം ലക്ഷ്യമിട്ടുള്ളതുമാണ്. ചുരുങ്ങിയ താങ്ങുവില സംബന്ധിച്ച് സ്വാമി നാഥന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കി. യുപിഎ ഇത് പരിഗണിച്ച് പോലുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മൊത്തം കാര്‍ഷിക ചെലവിന്‍റെ 50 ശതമാനത്തിലേറെ ഇപ്പോള്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന ജനതയെ നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം രേവന്ത് റെഡ്ഡിയോട് പറഞ്ഞു.
തെലങ്കാനയിലെ മുന്‍ ബിആര്‍എസ് സര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രയോജനപ്പെടുത്തിയില്ല. കോണ്‍ഗ്രസ് സര്‍ക്കാരെങ്കിലും ഇത് ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വില വര്‍ധിച്ചതാണ് ഭക്ഷ്യവിലക്കയറ്റത്തിന് കാരണമായതെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായ പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി. നഗര മേഖലകള്‍ക്ക് സമീപം പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: 'താന്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി'; നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമത ബാനര്‍ജി