ശ്രീനഗർ (ജമ്മു കശ്‌മീർ): തെക്കൻ കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ മോഡേർഗാം ഗ്രാമത്തിലാണ് ശനിയാഴ്‌ച അജ്ഞാതരായ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്‌പ്പുണ്ടായത്. തീവ്രവാദികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
പൊലീസും സുരക്ഷാ സേനയും തീവ്രവാദികൾക്കെതിരായ പോരാട്ടത്തിലാണെന്നും കൂടുതൽ വിശദാംശങ്ങൾ വഴിയെ പുറത്തുവിടുമെന്നും കുൽഗാം ജില്ല പൊലീസ് വക്താവ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ജമ്മു കശ്‌മീർ പൊലീസിൽ നിന്ന് ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
അതേസമയം ജമ്മുവിലെ വനമേഖലയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് (ജെഎം) എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് ഭീകരരെ വധിച്ചതായി സുരക്ഷാ സേന അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഏറ്റുമുട്ടൽ. ജൂൺ 26ന് കശ്‌മീരിലെ ദോഡ ജില്ലയിലാണ് മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ആറ് മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലിനൊടുവിലായിരുന്നു ഭീകരരെ വധിക്കാനായത്.
ഇതിനിടെ ഗണ്ഡോ മേഖലയിലെ ബജാദ് ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. ജൂൺ 11, 12 തീയതികളിൽ മലയോര മേഖലയിൽ നടന്ന ഇരട്ട ഭീകരാക്രമണത്തെ തുടർന്ന് പൊലീസ്, ആർമി, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവരുടെ സംയുക്ത സംഘം പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതിന് പിന്നാലെ ആയിരുന്നു വെടിവയ്‌പ്പ്. ജൂൺ 11ന് ഛത്തർഗല്ലയിലെ സംയുക്ത ചെക്ക് പോസ്റ്റിൽ തീവ്രവാദികൾ ആക്രമണം നടത്തിയപ്പോൾ ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അടുത്ത ദിവസം ഗണ്ഡോയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒരു പൊലീസുകാരന് പരിക്കേറ്റത്.
ALSO READ: സൈന്യത്തെ ദുര്‍ബലമാക്കാന്‍ ഇന്ത്യ സഖ്യം അനുവദിക്കില്ല; അഗ്നിവീറിനെതിരെ വീണ്ടും രാഹുല്‍