ബാരാമുള്ള : വടക്കന്‍ കശ്‌മീരിലെ ബാരാമുള്ള ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. സോപോര്‍ മേഖലയില്‍ വാട്ടര്‍ഗാമില്‍ സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത് എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏറ്റുമുട്ടലിന് പിന്നാലെ സുരക്ഷ സേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തെരച്ചില്‍ തുടരുകയാണെന്നും കശ്‌മീര്‍ പൊലീസ് അറിയിച്ചു.
'സോപോറിലെ വാട്ടര്‍ഗാം മേഖലയില്‍ വെടിവയ്‌പ്പ്. സുരക്ഷ സേന തിരിച്ചടിച്ചു. പ്രദേശം വളഞ്ഞ് തെരച്ചില്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പങ്കിടും' -ജമ്മു കശ്‌മീര്‍ പൊലീസ് എക്‌സില്‍ കുറിച്ചു.
Exchange of fire at Watergam area of #Sopore. Alert security forces retaliated. Area #cordoned off. Searches underway. Further details shall follow.@JmuKmrPolice
— Kashmir Zone Police (@KashmirPolice) August 24, 2024
കഴിഞ്ഞ ഏതാനും മാസങ്ങളായി ജമ്മുവിലെ ദോഡയിലും ഉധംപൂരിലും ഏറ്റുമുട്ടല്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിച്ച് വരികയാണ്. 2014ന് ശേഷം 10 വര്‍ഷം കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജമ്മു കശ്‌മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സെപ്‌റ്റംബര്‍ 18, 25, ഒക്‌ടോബര്‍ 1 തീയതികളില്‍ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബര്‍ നാലിന് വോട്ടെണ്ണും.