ന്യൂഡൽഹി : സിമി അടക്കമുള്ള പതിനേഴ് സംഘടനകൾ യുഎപിഎ പരിധിയിലുള്ള നിരോധിത സംഘടനകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയിൽ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം രേഖാമൂലം സഭയെ അറിയിച്ചത്. യുഎപിഎ പരിധിയിൽ ഉൾപ്പെടുത്തിയതോടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ സംഘടനകൾക്കെതിരെ നടപടിയെടുക്കാം.
1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്‍റെ (1967 ലെ 37) സെക്ഷൻ 3-ലെ ഉപവകുപ്പ് (1) ഉം (3) ഉം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച് കേന്ദ്ര സർക്കാരിന് ഏത് സംഘടനയെയും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ കഴിയും, അത് എല്ലാവർക്കും ബാധകമായിരിക്കുമെന്നും നിത്യാനന്ദ് റായ് കൂട്ടിച്ചേർത്തു.
ആ സംഘടനകൾ ഇവയൊക്കെ:
- സ്‌റ്റുഡൻ്റ്സ് ഇസ്‌ലാമിക് മൂവ്മെൻ്റ് ഓഫ് ഇന്ത്യ (സിമി)
- യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ)
- നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് (NDFB)
മണിപ്പൂരിലെ മെയ്തേയ് തീവ്രവാദ സംഘടനകളായ
- പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ), അതിൻ്റെ രാഷ്ട്രീയ വിഭാഗമായ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്)
- യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (UNLF), അതിൻ്റെ സായുധ വിഭാഗമായ മണിപ്പൂർ പീപ്പിൾസ് ആർമി (MPA)
- പീപ്പിൾസ് റെവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക്ക് (PREPAK), അതിൻ്റെ സായുധ വിഭാഗമായ 'റെഡ് ആർമി'
- കാംഗ്ലീപാക്ക് കമ്മ്യൂണിസ്‌റ്റ് പാർട്ടി (കെസിപി), അതിൻ്റെ സായുധ വിഭാഗമായ, 'റെഡ് ആർമി'
- കംഗ്ലെയ് യായോൾ കൻബ ലുപ്പ് (KYKL)
- കോർഡിനേഷൻ കമ്മിറ്റി (കോർകോം)
- സോഷ്യലിസ്‌റ്റ് യൂണിറ്റി കാംഗ്ലീപാക്ക് സഖ്യ (ASUK)
- ജമ്മു കശ്മീർ ഡെമോക്രാറ്റിക് ഫ്രീഡം പാർട്ടി
- മുസ്ലിം ലീഗ് ജമ്മു കശ്മീർ (മസറത്ത് ആലം വിഭാഗം)
- തെഹ്‌രീകെ ഹുറിയത്ത്, ജമ്മു കശ്മീർ
ഇവ കൂടാതെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ത്രിപുര ടൈഗർ ഫോഴ്‌സ്, നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര, ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (LTTE), നാഷണൽ സോഷ്യലിസ്‌റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്, ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ, ജമാഅത്തെ ഇസ്‌ലാമി ജമ്മു കശ്‌മീർ, ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട് (മുഹമ്മദ്, യാസിൻ മാലിക് വിഭാഗം), സിഖ്‌സ് ഫോർ ജസ്‌റ്റിസ്, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നിവയാണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച മറ്റ് നിരോധിത സംഘടനകൾ.