മുംബെ: മഹാരാഷ്‌ട്രയിൽ 2.22 കോടിയുടെ ലഹരിയുമായി 11 പേർ പിടിയിൽ. മാരക മയക്കുമരുന്നായ മെഫഡ്രോൺ ആണ് പിടി കൂടിയത് (Mephedrone worth rs 2.22 crore seized at Maharashtra). മുംബൈ ക്രൈം ബ്രാഞ്ചിന്‍റെ ആന്‍റി നാർക്കോട്ടിക്‌സ് സെൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്‌ഡിലാണ് ലഹരിയുമായി 11 പേരെ പിടികൂടിയത്.
മഹാരാഷ്‌ട്രയിലെ ഗ്രാൻ്റ് റോഡ്, മസ്‌ഗാവ്, നാഗ്‌പാഡ, അഗ്രിപാഡ എന്നിവിടങ്ങളിൽ ആന്‍റി നാർക്കോട്ടിക്‌സ് സെല്ലിന്‍റെ ബാന്ദ്ര യൂണിറ്റ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നടന്ന റെയ്‌ഡിലാണ് 1.02 കോടി വില മതിക്കുന്ന 1.10 കിലോ മെഫഡ്രോൺ പിടിച്ചെടുത്തത്. 7 പേരെയാണ് ബാന്ദ്ര യൂണിറ്റിലെ നാർക്കോട്ടിക്‌സ് സംഘം പിടികൂടിയത്.
പ്രതികളെ ജനുവരി 31 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വഹരി മാഫിയയിലെ പ്രധാനി വിദേശത്താണെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സാന്താക്രോസ് ഈസ്റ്റിലും കോട്ടൺ ഗ്രീനിലുമായി ആന്‍റി നാർക്കോട്ടിക്‌സ് സെല്ലിന്‍റെ മറ്റൊരു യൂണിറ്റ് നടത്തിയ റെയ്‌ഡിൽ 20 ലക്ഷം വിവ വരുന്ന 100 ഗ്രാം മെഫഡ്രോൺ പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ആന്‍റി നാർക്കോട്ടിക്‌സ് സെല്ലിന്‍റെ (Anti Narcotics Cell) ആസാദ് മൈദാൻ യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ മയക്ക് മരുന്ന് കേസിൽ പ്രതിയായ മൊയ്‌നുദ്ദീൻ മുഹമ്മദ് സുബർ എന്ന 25 കാരനെ പിടി കൂടിയതായി ആന്‍റി നാർക്കോട്ടിക്‌സ് സംഘം അറിയിച്ചിരുന്നു. ബൈക്കുള്ളയിൽ ബുധനാഴ്‌ചയാണ് ഇയാളെ പിടി കൂടുന്നത്.
3.110 കിലോ മയക്കു മരുന്ന് കടത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് സുബർ. കഴിഞ്ഞ ഒരു വർഷമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് താനെ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ആന്‍റി നാർക്കോട്ടിക്‌സ് സെല്ലിന്‍റെ ഘാട്‌കോപ്പർ യൂണിറ്റാണ് മറ്റൊരു പ്രതിയെ പിടികൂടിയത്. യൂണിറ്റ് 2021ൽ ജോഗേശ്വരിയിൽ ലഹരി സംഘത്തെ പിടികൂടി 52 ലക്ഷം വില മതിക്കുന്ന 260 ഗ്രാം കണ്ടെടുത്തിരുന്നു. കേസിലെ മുഖ്യ പ്രതിയായ ജുനൈദ് ഫിദ ഹുസൈൻ ഖുറേഷിയെ (34) കഴിഞ്ഞ ബുധനാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. നാസിക്കിലെയും നവി മുംബൈയിലെയും നിരവധി ലഹരിക്കടത്ത് കേസിൽ ഇയാൾക്ക് പങ്കുള്ളതായാണ് നാർക്കോട്ടിക്‌സ് സംഘം പറയുന്നത്.