റാഞ്ചി: 27 മണിക്കൂറോളം ചികിത്സ ലഭ്യമാവാത്തതിനെത്തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജാർഖണ്ഡിലെ ജംഷഡ്‌പൂരിലെ എംജിഎം ആശുപത്രിയിലാണ് സംഭവം. പ്രസവവേദന ആരംഭിച്ച സ്ത്രീയെ മികച്ച ചികിത്സക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്നും എംജിഎം ആശുപത്രിയിലേക്ക് റഫർ ചെയ്‌തതായിരുന്നു. എന്നാൽ 27 മണിക്കൂറോളം ഇവർ ചികിത്സ ലഭിക്കാതെ കിടന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ആശുപത്രിയിൽ കിടക്ക ലഭ്യമല്ലാതിരുന്നതിനാൽ ഇവരെ തറയിലാണ് കിടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് കുഞ്ഞ് ഗർഭപാത്രത്തിനകത്ത് വെച്ച് തന്നെ മരണപ്പെട്ടു. മറ്റൊരു സ്ത്രീയും സമാനസാഹചര്യത്തിൽ തറയിൽ കിടന്ന് പ്രസവിക്കേണ്ടി വന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) സ്വമേധയാ കേസെടുത്തത്. ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മാധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. വിഷയത്തിൽ രണ്ടാഴ്‌ചയ്ക്കകം വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ജാർഖണ്ഡ് സർക്കാർ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചതായി കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സൗകര്യവും സ്ത്രീയുടെ നിലവിലെ ആരോഗ്യസ്ഥിതിയും ഉൾപ്പെടെ റിപ്പോർട്ടിൽ പരാമർശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിനിരയായ കുടുംബത്തിന് അധികൃതർ എന്തെങ്കിലും നഷ്‌ടപരിഹാരം നൽകിയിട്ടുണ്ടോയെന്നും കമ്മീഷൻ ആരാഞ്ഞു.