പടാൻ : ഗുജറാത്തില്‍ റാഗിങ്ങിനെത്തുടര്‍ന്ന് എംബിബിഎസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പടാൻ ജില്ലയിലെ ജിഎംഇആർഎസ് മെഡിക്കൽ കോളജ് ആൻഡ് ഹോസ്‌പിറ്റലിൽ രണ്ട് ദിവസം മുമ്പാണ് സംഭവം. സുരേന്ദ്രനഗർ ജില്ലയിലെ ജെസ്‌ദ ഗ്രാമത്തിൽ നിന്നുള്ള ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി അനിൽ നട്‌വർഭായ് മെഥാനിയ (18) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
സംഭവത്തില്‍ 15 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. അനിലിനെയടക്കമുള്ള ജൂനിയര്‍ വിദ്യാർഥികളെ രാത്രി മണിക്കൂറുകളോളം നിർത്തി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായുരുന്നു എന്നാണ് വിവരം. മൂന്ന് മണിക്കൂർ തുടര്‍ച്ചയായി നിന്ന വിദ്യാര്‍ഥി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
കൊലപാതകത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും മനഃപൂർവമായ നരഹത്യയ്ക്കുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നാം വർഷ വിദ്യാർഥികളിൽ 11 പേരുടെയും രണ്ടാം വർഷ വിദ്യാർഥികളിൽ 15 പേരുടെയും മൊഴികളെടുത്തു.
ജൂനിയര്‍ വിദ്യാര്‍ഥികളോട് പാട്ട് പാടാനും നൃത്തം ചെയ്യാനും മോശമായ വാക്കുകൾ ഉച്ചരിക്കാനും സീനിയേഴ്‌സ് നിര്‍ബന്ധിച്ചതായി പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. വിദ്യാര്‍ഥികളെ മുറിയിൽ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കാതെ മണുക്കൂറുകളോളം നിര്‍ത്തിച്ചു.
മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതോടെ അനിലിന്‍റെ ആരോഗ്യനില വഷളാവുകയായിരുന്നു. അർധ രാത്രിയോടെ ബോധരഹിതനായി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.
കുറ്റാരോപിതരായ വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും അക്കാദമിക് പ്രവർത്തനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്‌തതായി മെഡിക്കൽ കോളജ് ഉദ്യോഗസ്ഥർ അറിയിച്ചു.
Also Read: ഷർട്ടിന്‍റെ കൈ മടക്കാത്തതിന് റാഗിങ്; പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദനം