ബെംഗളൂരു : മാട്രിമോണിയൽ വെബ്‌സൈറ്റിലെ വ്യാജ അക്കൗണ്ടിലൂടെ 250-ലധികം സ്‌ത്രീകളെ കബളിപ്പിച്ച പ്രതി പിടിയിൽ (matrimonial cheating, man arrested). കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്നും വിവാഹം കഴിക്കാമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ സ്ത്രീകളെ കബളിപ്പിച്ചത്. രാജസ്ഥാൻ സ്വദേശി നരേഷ് പുരി ഗോസ്വാമി (45) ആണ് പിടിയിലായത്.
മാട്രിമോണിയൽ വെബ്‌സൈറ്റിൽ പവൻ അഗർവാൾ എന്ന പേരിൽ പ്രൊഫൈൽ ഉണ്ടാക്കിയ പ്രതി കോയമ്പത്തൂരിൽ നിന്നുള്ള വിവാഹമോചിതയായ യുവതിയോട് കസ്റ്റംസ് ഓഫിസറാണെന്ന് പറഞ്ഞ് പരിചയപ്പെടുകയായിരുന്നു. പിന്നീട് വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേന ജനുവരി 14ന് യുവതിയുടെ മാതാപിതാക്കളെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി.
തുടർന്ന്, ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയുടെ മാതാപിതാക്കളിൽ നിന്നും തന്‍റെ ബന്ധുക്കൾക്കായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന വ്യാജേന 10,000 രൂപ വാങ്ങി. പേഴ്‌സ് വീട്ടിൽ വച്ച് മറന്നുവെന്നും വീട്ടിലെത്തിയാൽ ഉടൻ പണം നൽകാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ യുവതിയുടെ വീട്ടുകാർ പണം നൽകിയതിന് പിന്നാലെ ഇയാൾ അവിടെ നിന്നും കടന്നുകളഞ്ഞു. യുവതിയും വീട്ടുകാരും ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് യുവതിയുടെ മാതാപിതാക്കൾ റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥനല്ലെന്നും ബെംഗളൂരുവിലെ കോട്ടൺപേട്ടിലെ തുണിക്കടയിലാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് നിരവധി പ്രീ ആക്‌ടീവ് സിം കാർഡുകൾ പൊലീസ് കണ്ടെടുത്തു. ഈ സിം കാർഡുകൾ ഉപയോഗിച്ചാണ് പ്രതി യുവതികളുമായി ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.
'അഗർസെൻജി വൈവാഹിക് മഞ്ച്' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും പ്രതി അംഗമായിരുന്നു. വിധവകളെയും വിവാഹമോചിതരായ സ്ത്രീകളെയും ലക്ഷ്യം വച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. സ്‌ത്രീകളുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകിയ ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പല കാരണങ്ങൾ പറഞ്ഞ് പണം തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇതിനായി ഇയാൾ പ്രത്യേക മൊബൈൽ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്.
രാജസ്ഥാൻ- 56, ഉത്തർപ്രദേശ്- 32, ഡൽഹി- 32, കർണാടക- 17, മധ്യപ്രദേശ്- 16, മഹാരാഷ്ട്ര- 13, ഗുജറാത്ത്- 11, തമിഴ്‌നാട്- 6, ബിഹാർ- 5, ജാർഖണ്ഡ്- 5, ആന്ധ്രാപ്രദേശ്- 2 എന്നിങ്ങനെ പല സംസ്ഥാനങ്ങളിൽ നിന്നായി 250 ലധികം സ്ത്രീകളുമായി പ്രതി ചാറ്റ് ചെയ്‌തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിനിരയായവർക്ക് ബന്ധപ്പെട്ട സ്റ്റേഷനുകളിൽ പരാതി നൽകാമെന്ന് സംസ്ഥാന റെയിൽവേ ഡിഐജിപി ഡോ. എസ് ഡി ശരണപ്പ അറിയിച്ചു.