ശ്രീനഗര്‍: പൂഞ്ച് മേഖലയിൽ തെരച്ചിൽ ശക്തമാക്കി ഇന്ത്യൻ സൈന്യവും പൊലീസ് പാരാ മിലിട്ടറി സേനയും. ശനിയാഴ്‌ച വൈകുന്നേരം വ്യോമസേനയുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സായുധ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ട്. സംശയം തോന്നുന്ന നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനയ്ക്കായി ഒരു ഡോഗ് സ്ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. ഓപ്പറേഷന് മേൽനോട്ടം വഹിക്കാൻ ആർമി, പൊലീസ്, അർദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ മെയ് 5-ന് പൂഞ്ച് സന്ദർശിച്ചിരുന്നു. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള വിദേശിയായ അബു ഹംസയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ഏപ്രിൽ 22-ന് രജൗരിയിൽ സർക്കാർ ജീവനക്കാരനായ മുഹമ്മദ് റസാഖിനെ കൊലപ്പെടുത്തിയ കേസിലും ഹംസ പ്രതിയാണ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പൂഞ്ച്, രജൗരി വനമേഖലകളിലാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് സംശയമുണ്ട്.
പൂഞ്ചിലെ ജരാ വാലി ഗാലിയിൽ (ജെഡബ്ല്യുജി) ചെക്ക് പോസ്‌റ്റുകൾ സ്ഥാപിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശനിയാഴ്‌ചയാണ് ഐഎഎഫ് വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികൾ ആക്രമണം നടത്തിയത്. പരിക്കേറ്റ സൈനികരെ ഉധംപൂരിലെ കമാൻഡ് ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.