ഹൈദരാബാദ്: ഹൈദരാബാദിൽ നൂതന തന്ത്രങ്ങളിലൂടെ കഞ്ചാവ് വിൽപന സജീവമാക്കി മയക്കുമരുന്ന് സംഘങ്ങൾ. മിൽക്ക് ഷേക്കുകൾ, ചോക്ലേറ്റുകൾ എന്നിവയുടെ രൂപത്തിലാണ് കഞ്ചാവ് വിൽപന നടക്കുന്നത്. നഗരത്തിൽ സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്‌റ്റിക്‌സ് സംഘം നടത്തിയ പരിശോധനയിലാണ് പുതിയ രീതിയിലുള്ള കഞ്ചാവ് വിൽപ്പന കണ്ടെത്തിയത്.
പാലിൽ കഞ്ചാവ് പൊടി കലർത്തിയും ചോക്ലേറ്റുകളിൽ ഹാഷ് ഓയിൽ കലർത്തിയും വിൽപന നടത്തുന്നതായി വിവരം ലഭിച്ചിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. അടുത്തിടെ സൈബരാബാദ് എസ്‌ഡബ്ല്യുഒടി പൊലീസ് നടത്തിയ പരിശോധനയിൽ ജഗദ്ഗിരിഗുട്ട പൊലീസ് സ്റ്റേഷന് കീഴിലുള്ള പലചരക്ക് കടയിൽ നിന്ന് കഞ്ചാവ് പൊടി പിടിച്ചെടുത്തിരുന്നു. നഗരത്തിലെ ചില പ്രദേശങ്ങളിൽ ഹാഷ് ഓയിൽ ഐസ്ക്രീമുകളിൽ കലർത്തി വില്‍പന നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവ് ചോക്ലേറ്റുകൾ ഹൈദരാബാദിലേക്ക് കൂടുതലായി എത്തുന്നത്. നിരീക്ഷണം ശക്തമാക്കിയതോടെ പുതിയ തരത്തിലാണ് ലഹരി മരുന്നുകളുടെ വിൽപന. ഉയർന്നു വരുന്ന മയക്കുമരുന്ന് കടത്തലിന്‍റെയും, അതിന്‍റെ ഉപയോഗവും തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയായണ് തെലങ്കാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (TS NAB), എസ്‌ഡബ്ല്യുഒടി , ടാസ്‌ക് ഫോഴ്‌സ് എന്നിവയുൾപ്പെടെയുള്ള ഏജൻസികൾ.
Also Read: പൊലീസ് പിടികൂടിയ പ്രതിയുടെ വീട്ടില്‍ നിന്നും കൂടുതല്‍ കഞ്ചാവ് കണ്ടെത്തി എക്‌സൈസ്