ഹൈദരാബാദ്: ഇന്ന് (മാർച്ച് 4) ദേശീയ സുരക്ഷ ദിനം (National Safety Day). രാജ്യത്തെ പൗരന്മാരിൽ എല്ലാ മേഖലകളിലും സുരക്ഷിതമായി പ്രവർത്തിക്കാനുള്ള അവബോധവും പ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിനായാണ് എല്ലാ വർഷവും മാർച്ച് 4 ന് സുരക്ഷാ ദിനമായി ആചരിക്കുന്നത്. ജോലിസ്ഥലത്തെ സുരക്ഷ, ട്രാഫിക് സുരക്ഷ, ആരോഗ്യ സുരക്ഷ, പരിസ്ഥിതി എന്നിങ്ങനെ വിവിധ മേഖലകളിലുള്ള സുരക്ഷാ ചട്ടങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഇതിനായാണ് എല്ലാ വർഷവും മാർച്ച് നാലിന് ദേശീയ സുരക്ഷാ കൗൺസിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെറുമൊരു അവധി ദിനം എന്നതല്ല, വർഷം മുഴുവനും സുരക്ഷിതമായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുന്നതിന് പൊതുജനങ്ങളെയും ജീവനക്കാരെയും പ്രോത്സാഹിപ്പിക്കുക കൂടിയാണ് അവധിയുടെ ലക്ഷ്യം. ജോലിസ്ഥലങ്ങളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് പാലിക്കേണ്ട സുരക്ഷ പ്രോട്ടോക്കോളുകളിലേക്കും നടപടികളിലേക്കും വെളിച്ചം വീശാനാണ് ദേശീയ സുരക്ഷാ ദിനം ഓർമപ്പെടുത്തുന്നത്.
ചരിത്രം: ദേശീയ സുരക്ഷ കൗൺസിൽ (National Safety Council) ഓഫ് ഇന്ത്യ സ്ഥാപിതമായത് 1966 മാർച്ച് 4നാണ്. 1976 മുതൽ സുരക്ഷയെ കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനായി കൗൺസിൽ വർഷം തോറും ദേശീയ സുരക്ഷ ദിനമായി ആചരിച്ചു വരുന്നു. ജോലിസ്ഥലത്തെ സുരക്ഷ പ്രോത്സാഹിപ്പിക്കുക, അപകടങ്ങൾ ഒഴിവാക്കുക, സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലന്തരീക്ഷം സൃഷ്‌ടിക്കുക എന്നിവയാണ് എൻഎസ്‌സിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പ്രാധാന്യം: നിരവധി കാരണങ്ങളാൽ വളരെ പ്രാധാന്യമർഹിക്കുന്ന ദിവസമാണ് ദേശീയ സുരക്ഷാ ദിനം. വ്യവസായ സ്ഥാപനങ്ങൾ, ജോലിസ്ഥലങ്ങൾ, വീടുകൾ, പൊതു ഇടങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിവസം. വിവിധ കാമ്പയിനുകൾ, പ്രകടനങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ വഴി പൊതുജനങ്ങളിൽ അവബോധം വളർത്തി വരുകയാണ്.
വ്യക്തികളിൽ സ്വയം സുരക്ഷയ്‌ക്കൊപ്പം, മറ്റുള്ളവരുടെ സുരക്ഷയ്‌ക്കുള്ള ഉത്തരവാദിത്തം ഉണ്ടാക്കിയെടുക്കുന്ന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നു എന്ന പ്രാധാന്യവും ഈ ദിവസത്തിനുണ്ട്. സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ആളുകളെയും സംഘടനകളെയും ആദരിക്കുന്നതിനും ഈ ദിവസം മറക്കാറില്ല.
സന്ദേശം: എല്ലാ വർഷവും ദേശീയ സുരക്ഷാ കൗൺസിൽ ദേശീയ സുരക്ഷാ വാരത്തിന് പ്രമേയം തെരഞ്ഞെടുക്കാറുണ്ട്. 'ഇഎസ്‌ജി (എൻവയോൺമെന്‍റൽ സോഷ്യൽ ആന്‍റ് ഗവേണൻസ്) എക്‌സലൻസിന് വേണ്ടിയുള്ള സുരക്ഷയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക' എന്നതാണ് ദേശീയ സുരക്ഷാ ദിനത്തിന്‍റെ ഈ വർഷത്തെ പ്രമേയം.
ലക്ഷ്യങ്ങൾ: സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുക, ജോലിസ്ഥലങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും സുരക്ഷിതമായ ജോലി രീതികൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക, കാര്യക്ഷമമായ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൽ സഹപ്രവർത്തകർക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ ദിവസത്തിന്‍റെ ലക്ഷ്യങ്ങൾ.