ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതി കേസിലെ മനീഷ് സിസോദിയയുടെ ജാമ്യ വ്യവസ്ഥകളിൽ സുപ്രീം കോടതി ഇളവ് വരുത്തി. ആഴ്‌ചയിൽ രണ്ടുതവണ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ സുപ്രീം കോടതി നീക്കം ചെയ്‌തു. ബുധനാഴ്‌ച (ഡിസംബര്‍ 11) ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
എന്നാൽ വിചാരണയ്‌ക്ക് സ്ഥിരമായി ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരൻ അന്വേഷണ ഏജൻസികൾക്ക് മുമ്പാകെ രണ്ടു തവണ ഹാജരാകണമെന്ന വ്യവസ്ഥ ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയും വിവേക് ജെയിനുമാണ് സിസോദിയക്ക് വേണ്ടി ഹാജരായത്.
എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുന്ന ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മനീഷ് സിസോദിയ സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം ഇതുവരെ 60 തവണ സിസോദിയ പൊലീസ് സ്റ്റേഷനില്‍ ഹാജരായെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കേസിലെ മറ്റ് പ്രതികൾക്ക് ഇത്തരമൊരു നിബന്ധന ഏർപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
പഴയ വിധി: 493 സാക്ഷികളും ആയിരക്കണക്കിന് പേജുകളുള്ള രേഖകളും ലക്ഷകണക്കിന് പേജുകളുളള ഡിജിറ്റല്‍ രേഖകളും പരിശോധിച്ച് വിധി പറയാന്‍ കൂടുതല്‍ സമയമെടുക്കും എന്ന് നിരീക്ഷിച്ച സുപ്രീം കോടതി സിസോദിയക്ക് നേരത്തെ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിസോദിയയുടെ പാസ്‌പോർട്ട് പ്രത്യേക കോടതിയിൽ സമർപ്പിക്കുക, എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ റിപ്പോർട്ട് ചെയ്യുക എന്നത് ഉൾപ്പെടെ വിവിധ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
ഡൽഹി മദ്യനയ അഴിമതി കേസ്: ഡൽഹി സർക്കാർ 2021 നവംബർ 17ന് മദ്യനയം പരിഷ്‌കരിച്ചു. പരിഷ്‌കരിച്ചപ്പോൾ ക്രമക്കേടുകൾ നടന്നതായും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയതായും സിബിഐയും ഇഡിയും കണ്ടെത്തി. തുടര്‍ന്ന് അഴിമതി ആരോപണങ്ങള്‍ ഉയരുകയും 2022 സെപ്‌റ്റംബർ അവസാനത്തോടെ നയം റദ്ദാക്കുകയും ചെയ്‌തു. എക്സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടുകള്‍ അന്വേഷിക്കാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന ശിപാർശ ചെയ്‌തതിന് പിന്നാലെ സിബിഐ കേസെടുക്കുകയായിരുന്നു.
Also Read: മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയുടെ ഹര്‍ജിയില്‍ ഈഡിയോട് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി