ഇംഫാല്‍ : സംഘര്‍ഷം കടുത്ത മണിപ്പൂരില്‍ എട്ട് കമ്പനി കേന്ദ്ര സേന കൂടിയെത്തി. തലസ്ഥാനമായ ഇംഫാലിലെത്തിയ സംഘത്തെ സ്ഥിതിഗതികള്‍ രൂക്ഷമായ ഇടങ്ങളില്‍ വിന്യസിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നാല് കമ്പനി വീതം സിആര്‍പിഎഫ്, ബിഎസ്‌എഫ് സംഘങ്ങളെയാണ് പുതുതായി നിയോഗിച്ചിട്ടുള്ളത്. ഇതില്‍ ഒരു സംഘം മഹിള ബറ്റാലിയന്‍ ആണ്. ചൊവ്വാഴ്‌ച പതിനൊന്ന് കമ്പനി അധിക കേന്ദ്ര സേന കൂടി സംസ്ഥാനത്ത് എത്തിയിരുന്നു.
അന്‍പത് കമ്പനി കേന്ദ്ര സേനയെക്കൂടി സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജിരിബാം ജില്ലയിലെ ബിജെപി-കോണ്‍ഗ്രസ് ഓഫിസുകള്‍ കഴിഞ്ഞാഴ്‌ച കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സംഘര്‍ഷം കൂടുതല്‍ മൂര്‍ച്‌ഛിച്ചു. മുതിര്‍ന്ന മന്ത്രിയടക്കമുള്ള മൂന്ന് ബിജെപി എംഎല്‍എമാരുടെയും ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെയും വീടുകള്‍ക്ക് തീയിടുകയുമുണ്ടായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.
മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ്ങിന്‍റെ കുടുംബവീട്ടിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച അക്രമി സംഘത്തെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ജിരിബാം ജില്ലയിലെ ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് മെയ്‌തി വിഭാഗത്തില്‍ പെട്ട മൂന്ന് സ്‌ത്രീകളെയും മൂന്ന് കുട്ടികളെയും കാണാതായതോടെയാണ് സംസ്ഥാനത്ത് സംഘര്‍ഷം ശക്തമായത്. സുരക്ഷ ഉദ്യോഗസ്ഥരും കുക്കികളും തമ്മില്‍ ഈ മാസം പതിനൊന്നിനുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇവരെ കാണാതായത്. ഈ ഏറ്റുമുട്ടലില്‍ പത്ത് നുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെട്ടു.
കാണാതായ ആറു പേരുടെയും മൃതദേഹങ്ങള്‍ പിന്നീട് പലപ്പോഴായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കുക്കികളും മെയ്‌തികളും തമ്മില്‍ ആരംഭിച്ച വംശീയ സംഘര്‍ഷത്തില്‍ ഇതുവരെ 220 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.
അക്രമ സംഭവങ്ങള്‍ വ്യാപകമായതിനാല്‍ ഇംഫാൽ താഴ്‌വരയിലെ ഇംഫാൽ ഈസ്റ്റ്, വെസ്റ്റ്, ബിഷ്‌ണുപൂർ, തൗബൽ, കച്ചിങ് ജില്ലകളിൽ അനിശ്ചിത കാലത്തേക്ക് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഏഴ് ജില്ലകളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങൾ സംസ്ഥാന ഭരണകൂടം താത്‌കാലികമായി നിർത്തിവച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
പ്രധാനമന്ത്രി മോദി ഉടന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.