ന്യൂഡൽഹി : മണിപ്പൂരിൽ അടുത്തിടെയുണ്ടായ അക്രമ സംഭവങ്ങളിലും ഡ്രോൺ, റോക്കറ്റ്, ഗ്രനേഡ് ആക്രമണങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമുയർത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂരിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കുന്നതിൽ പ്രധാനമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്ന് ഖാർഗെ തന്‍റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു.
സംഘർഷ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി തങ്ങളെ നേരിട്ട് സന്ദർശിക്കണമെന്ന് മണിപ്പൂർ ജനത ആഗ്രഹിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ 16 മാസത്തിനിടക്ക് ഒരു നിമിഷം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ ചെലവഴിച്ചിട്ടില്ല, സംസ്ഥാനത്ത് അക്രമങ്ങൾ അനിയന്ത്രിതമായി തുടരുമ്പോഴും മോദി - ഷാ കൂട്ടുകെട്ടിൻ്റെ അനന്തരഫലങ്ങൾ ജനങ്ങൾ അനുഭവിക്കുകയാണ്. പ്രധാനമന്ത്രിയെപ്പോലെ മണിപ്പൂരിൽ സുരക്ഷ ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉപേക്ഷിച്ചതായി തോന്നുന്നു. മണിപ്പൂരിൽ അക്രമങ്ങൾ അഴിഞ്ഞാടുമ്പോൾ ഇരുവരും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രചാരണ റാലികളിൽ പ്രസംഗിക്കുന്ന തിരക്കിലാണെന്നും മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
PM Modi's abject failure in Manipur is unforgivable.
— Mallikarjun Kharge (@kharge) September 9, 2024
1. Former Manipur Governor, Anusuiya Uikey ji has echoed the voice of the people of Manipur. She said that people of the strife-torn state are upset and sad, for they wanted PM Modi to visit them.
In the past 16 months, PM…
മണിപ്പൂർ കലാപം ദേശീയ സുരക്ഷ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാര്യങ്ങൾ വീണ്ടും അനിയന്ത്രിതമാകുന്നതിന് മുൻപേ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ പിരിച്ചുവിടണമെന്നും കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം മണിപ്പൂരിലെ സുരക്ഷ പ്രവർത്തനങ്ങൾക്ക് നിലവിൽ മേൽനോട്ടം വഹിക്കുന്ന 'യൂണിഫൈഡ് കമാൻഡ്' സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും സംസ്ഥാന സുരക്ഷ ഉപദേഷ്‌ടാവും ഇന്ത്യൻ സൈന്യവും അടങ്ങുന്ന സംഘമാണ് നിലവിൽ 'യൂണിഫൈഡ് കമാൻഡ്' കൈകാര്യം ചെയ്യുന്നത്.
എന്നാൽ ഈ സാഹചര്യത്തിൽ സുരക്ഷയുടെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും ഭരണകൂട സേനയുടെ സഹായത്തോടെ എല്ലാത്തരം വിമത ഗ്രൂപ്പുകളെയും അടിച്ചമർത്തി കലാപം നിയന്ത്രണ വിധേയമാക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐയേയും എൻഐഎയേയും മറ്റ് ഏജൻസികളെയും മോദി സർക്കാർ ദുരുപയോഗം ചെയ്യരുതെന്നും ഖാർഗെ തന്‍റെ എക്‌സ് പോസ്‌റ്റിൽ പറഞ്ഞു.
അതേസമയം വടക്ക് കിഴക്കൻ മേഖലയിൽ അടുത്തിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി, സുരക്ഷ ഉപദേഷ്‌ടാവ്, ഗവർണർ എന്നിവരുടെ രാജി ആവശ്യപ്പെട്ട് ഇംഫാലിലെ വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്‌ച (സെപ്റ്റംബർ 9) വിദ്യാർഥികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി.