അഹമ്മദാബാദ്: വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ തട്ടിപ്പുകള്‍ നടാക്കാറുള്ളിടമാണ് ഗുജറാത്ത്. അവസാനമായി ഇത്തരത്തില്‍ ഗുജറാത്തില്‍ നിന്നും പുറത്തുവന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു വ്യാജ ടോള്‍ പ്ലാസയുടെ മറവില്‍ നടന്ന വൻ തട്ടിപ്പ്. ദേശീയ പാതയ്‌ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ലാസ നിര്‍മിച്ച് ഒന്നരവര്‍ഷം കൊണ്ട് 75 കോടിയോളം രൂപ വ്യാജന്മാര്‍ തട്ടിയെടുത്തെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.
ഈ സംഭവം നടന്ന് ഏകദേശം ഒരുവര്‍ഷത്തോട് അടുക്കെ മറ്റൊരു തട്ടിപ്പ് കണ്ടെത്തിയിരിക്കുകയാണ് അഹമ്മദാബാദ് പൊലീസ്. വ്യാജ കോടതിയുടെ മറവില്‍ നടന്ന തട്ടിപ്പാണ് പൊലീസ് ഇപ്പോള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. സംഭവത്തില്‍ ഗാന്ധിനഗര്‍ സ്വദേശിയായ മൗറീസ് സാമുവല്‍ ക്രിസ്റ്റ്യൻ എന്നയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഭൂമി സംബന്ധമായ കാര്യങ്ങളിൽ ഇടപാടുകാർക്ക് അനുകൂലമായി വ്യാജ വിധികള്‍ പുറപ്പെടുവിച്ചാണ് മൗറീസ് സാമുവൽ ക്രിസ്റ്റ്യന്‍ തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ അഞ്ചര വർഷത്തോളമായി ഇയാൾ അഹമ്മദാബാദിൽ വ്യാജ കോടതി നടത്തുകയായിരുന്നു. അഹമ്മദാബാദ് ഭദ്രയിലെ സിറ്റി സിവിൽ കോടതി രജിസ്ട്രാർ ഹാർദിക് സാഗർ ദേശായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
സിറ്റി സിവില്‍ കോടതിയിലാണ് മൗറീസ് സാമുവലിന്‍റെ കോടതി മുറിയും പ്രവര്‍ത്തിച്ചിരുന്നത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളുമായി കോടതിയിലേക്ക് എത്തുന്നവരെയായിരുന്നു പ്രധനമായും ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. കേസ് തീര്‍പ്പാക്കാനായി ഒരു നിശ്ചിത തുക പരാതിക്കാരില്‍ നിന്നും ഇയാള്‍ കൈപറ്റിയിരുന്നെന്നും പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കോടതി ഔദ്യോഗികമായി നിയമിച്ച മധ്യസ്ഥനാണ് താനെന്ന് പരാതിക്കാരെ പരിചയപ്പെടത്തിക്കൊണ്ടായിരുന്നു ഇയാളുടെ തട്ടിപ്പ്.
താക്കൂർ ബാപ്പുജി ചാനാജിയും അഹമ്മദാബാദ് കലക്‌ടറും ഉൾപ്പെട്ട ഒരു ഭൂമി തർക്കത്തിലും ഇയാള്‍ സ്വയം മധ്യസ്ഥത വഹിക്കാൻ രംഗത്തിറങ്ങി. അഹമ്മദാബാദിലെ പാൽഡിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധിച്ച് അദ്ദേഹം നിയമവിരുദ്ധ ഉത്തരവുകൾ പുറപ്പെടുവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി സിവിൽ കോടതി രജിസ്ട്രാറുടെ പരാതിയില്‍ മൗറീസ് സാമുവല്‍ പിടിയിലാകുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.