റെയ്സെൻ (മധ്യപ്രദേശ്) : മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യാസഹോദരന്‍റെ വീടിന് തീയിട്ടു. ജില്ലാ ആസ്ഥാനത്ത് നിന്ന് 100 കിലോമീറ്റർ അകലെ ബറേലി പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ജാംഗഡ് ഗ്രാമത്തിൽ ഞായറാഴ്‌ച (ഫെബ്രുവരി 25) രാത്രിയാണ് സംഭവം നടക്കുന്നത്. സംഭവത്തില്‍ ഏഴുവയസ്സുള്ള പ്രതിയുടെ മരുമകൾ തീയില്‍ പെട്ട് മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രതിയായ രാമുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
രാമുവും ഇയാളുടെ ഭാര്യയും തമ്മിൽ വൈവാഹിക തർക്കം നിലനിന്നിരുന്നതായും ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഭാര്യയെ തന്‍റെ അടുത്തേക്ക് മടങ്ങാൻ അനുവദിക്കാത്തതിൽ ഭാര്യാസഹോദരൻ രാജേഷിനെ പ്രതി സംശയിക്കുകയും, തുടർന്ന് അയാളുടെ കുടിലിന് തീയിടുകയുമായിരുന്നു.
കൂലിപ്പണിക്കാരനായ രാജേഷ് ഭാര്യയ്ക്കും നാല് കുട്ടികൾക്കുമൊപ്പം ഫാമിലെ ഒരു കുടിലിലാണ് താമസിച്ചിരുന്നതെന്ന് ബറേലി പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് വിജയ് ത്രിപാഠി പറഞ്ഞു. കുടുംബം അകത്തുണ്ടായിരുന്നപ്പോൾ പ്രതി കുടിലിന് തീകൊളുത്തുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് കുട്ടികളുമായി ദമ്പതികൾ കത്തുന്ന കുടിലിൽ നിന്ന് പുറത്തുവരുമ്പോൾ അവരുടെ ഏഴ് വയസ്സുള്ള മകൾ തീയിൽ അകപ്പെട്ട് മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സർക്കാർ ഉദ്യോഗസ്ഥന്‍ തള്ളിയിട്ടു, ലോറിയിടിച്ച് ഒരാള്‍ മരിച്ചു : തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ടിപ്പർ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. ട്രാഫിക് സിഗ്നലുകളിൽ കാറുകൾ വൃത്തിയാക്കുന്നയാളാണ് മരിച്ചത്. വൃത്തിയാക്കുന്നതിനിടെ കാറുടമയുമായുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. ആർമൂർ മേഖലയിലെ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം നടന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്‍റെ കാറിന്‍റെ ചില്ലുകൾ വൃത്തിയാക്കാൻ ഇയാളോട് പറഞ്ഞു. ഇയാൾ വൃത്തിയാക്കാൻ തുടങ്ങിയതോടെയാണ് തർക്കമുണ്ടായത്. തർക്കത്തെ തുടർന്ന് ഉദ്യോഗസ്ഥൻ കാറിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാളെ തള്ളിയിടുകയും പിന്നിൽ നിന്ന് വന്ന ടിപ്പർ ലോറിയുടെ ചക്രത്തിനടിയിൽ പെടുകയുമായിരുന്നു.
ഇരയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304 (കൊലപാതക ശ്രമം) പ്രകാരം കാർ ഉടമയ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം, ടിപ്പർ ലോറിയുടെ ഡ്രൈവർക്കെതിരെ ഐപിസി സെക്ഷൻ 304 എ (അശ്രദ്ധമൂലമുള്ള മരണം) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.