ലഖ്‌നൗ: ഉത്തർപ്രദേശ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് അധികാരികളിൽ നിന്നും സുരക്ഷ ആവശ്യപ്പെട്ട പ്രതി പിടിയിൽ. മൊറാദാബാദ് സ്വദേശി അനസ് മാലിക്കാണ് (25) പിടിയിലായത്. പ്രതി സംസ്ഥാനത്തെ ഒന്നിലധികം അധികാരികൾക്ക് സുരക്ഷ ആവശ്യപ്പെട്ട് കത്തുകളയച്ചതായി അധികൃതർ പറഞ്ഞു.
താൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാണെന്നും തനിക്ക് സംരക്ഷണം ലഭിക്കണമെന്നും അഭ്യർഥിച്ചാണ് അനസ് കത്തുകൾ അയച്ചിരുന്നത്. നവംബർ 8ന് മൊറാദാബാദ്, ഗാസിയാബാദ്, അംറോഹ, നോയിഡ എന്നിവിടങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് രണ്ട് ദിവസത്തെ പരിപാടിക്ക് പ്രോട്ടോക്കോൾ പ്രകാരം സുരക്ഷ അഭ്യർത്ഥിച്ച് പ്രതി കത്തയച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം കത്തുകളിൽ സംശയം ഉയർന്നതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. പ്രതി മനുഷ്യവകാശ കമ്മിഷൻ ചെയർമാനല്ലെന്ന് പൊലീസ് കണ്ടെത്തി. അനസ് മാലിക്ക് വ്യാജ ഐഡന്‍റിറ്റി നിർമിച്ച് അധികാരികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ഗാസിയാബാദ് അഡീഷണൽ ഡിസിപി (ക്രൈം) സച്ചിദാനന്ദ് പറഞ്ഞു.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് പൂർത്തിയാക്കിയതെന്നും നേരത്തെ ഡ്രൈവറായാണ് ജോലി ചെയ്‌തിരുന്നതെന്നും പറഞ്ഞതായി പൊലീസ് അറിയിച്ചു. മാത്രമല്ല പ്രാദേശിക നേതാക്കളുമായി പ്രതിക്ക് ബന്ധമുണ്ടെന്നും അധികൃതർ പറഞ്ഞു. അതിൽ നിന്നാണ് പൊലീസ് സംരക്ഷണവും ഔദ്യോഗിക അകമ്പടിയും തനിക്കും വേണമെന്ന ആഗ്രഹമുണ്ടായതെന്നും പ്രതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മനുഷ്യാവകാശ കമ്മിഷന്‍റെ വ്യാജ എംബ്ലം ഉണ്ടാക്കി അതിൻ്റെ ചെയർമാനാണ് താനെന്ന് പ്രതി അവതരിപ്പിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് വിവിധ സേവനങ്ങൾ ആവശ്യപ്പെടാൻ അനസ് മാലിക് കമ്മിഷൻ്റെ വ്യാജ മുദ്രയും വ്യാജ കത്തുകളും ഉപയോഗിച്ചതായി അഡീഷണൽ ഡിസിപി സച്ചിദാനന്ദ് പറഞ്ഞു.
സംഭവത്തിൽ വിശ്വാസ്യത കൂട്ടാൻ അനസ് തൻ്റെ ആശയവിനിമയത്തിൽ സ്‌റ്റാഫ് അംഗങ്ങളുടെയും പേഴ്‌സണൽ സെക്രട്ടറിമാരുടെയും പേരും നമ്പറും ഉൾപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മാത്രമല്ല, വെള്ള ഔദ്യോഗിക വസ്ത്രം ധരിച്ച് ഒരു കൂട്ടാളിയുമായാണ് പ്രതി യാത്ര ചെയ്‌തിരുന്നതെന്നും പൊലീസ് അറിയിച്ചു.
അതേസമയം സംസ്ഥാന സർക്കാരുമായി ശക്തമായ ബന്ധമുണ്ടെന്നും രണ്ട് പേർക്ക് പൊലീസ് ജോലി ഉറപ്പാക്കുമെന്നും പ്രതികൾ അവകാശപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാത്രമല്ല യുപി പൊലീസ് റിക്രൂട്ട്‌മെൻ്റിനുള്ള അഡ്‌മിറ്റ് കാർഡുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Also Read: 5000 വ്യാജ സിം കാർഡ്, 25 ഫോൺ; സൈബർ തട്ടിപ്പുവീരനെ കയ്യോടെ പൊക്കി ഡല്‍ഹി പൊലീസ്