മുംബൈ: നഗരത്തിലെ ചെമ്പൂരില്‍ രണ്ട് ഗ്രൂപ്പുകൾ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. സിദ്ധാർത്ഥ് കാംബ്ലെ (32) ആണ് മരിച്ചത്. ആറ് പേരെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പഴയ മത്സരത്തെച്ചൊല്ലിയായിരുന്നു ഏറ്റുമുട്ടല്‍. പ്രതികൾ മദ്യപിച്ചിരുന്നതായും രണ്ടുപേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും മുംബൈ ആർസിഎഫ് പൊലീസ് സ്‌റ്റേഷൻ അറിയിച്ചു. മൂർച്ചയേറിയ ആയുധം കൊണ്ട് കാംബ്ലെയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ അടുത്തുള്ള രാജവാഡി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തട്ടിക്കൊണ്ടുപോയ യുവാവിനെ രക്ഷപ്പെടുത്തി
ബിസിനസ് തര്‍ക്കത്തിന്‍റെ പേരില്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ 12 മണിക്കൂറിന് ശേഷം മുംബെെ പൊലീസ് രക്ഷപ്പെടുത്തി. ഹേമന്ത് കുമാർ റാവൽ എന്ന 30 കാരനെയാണ് പൂനെയില്‍ നിന്ന് കണ്ടെത്തിയത്. കേസില്‍ കപൂർ ഘഞ്ചി, പ്രകാശ് പവാർ, ഗണേഷ് പത്ര എന്നീ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു.
ഹേമന്ത് കുമാർ റാവലിനൊപ്പം കപൂർ ഘഞ്ചി ടെക്‌സ്‌റ്റൈൽ ബിസിനസ് ആരംഭിച്ചിരുന്നു. ഘഞ്ചി അഹമ്മദാബാദിൽ നിന്ന് റാവലിന് തുണി വിതരണം ചെയ്‌തു. റാവൽ അത് പൂനെയിൽ വിതരണം ചെയ്യുകയായിരുന്നു. മാസങ്ങളായി ഘഞ്ചിക്ക് നല്‍കേണ്ട തുക ഹേമന്ത് കുമാർ നല്‍കിയില്ല. 30 ലക്ഷം രൂപയുടെ ബാധ്യത വന്നതിനാല്‍ കപൂറാം ഗഞ്ചി റാവലിനെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തുകയായിരുന്നു. കേസില്‍ മൂന്ന് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്‌റ്റഡിയിൽ വിട്ടു.
യുവതിയെ കാര്‍ ഡ്രെെവര്‍ മര്‍ദ്ദിച്ചു
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബാനർ-പാഷാൻ റോഡിൽ യുവതിയെ കാർ ഡ്രൈവർ മർദിച്ചു. രണ്ട് കുട്ടികളുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു യുവതി. കാര്‍ രണ്ടുകിലോമീറ്ററോളം പിന്തുടര്‍ന്നെന്ന് യുവതി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റെന്ന് അവര്‍ പറഞ്ഞു. കേസില്‍ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന മറ്റൊരു സ്‌ത്രിയെയും പൂനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.