ന്യൂഡൽഹി: ഭാര്യയോടൊപ്പം കണ്ട 21-കാരനായ യുവാവിനെ ഭര്‍ത്താവ് തല്ലിക്കൊന്നതായി പൊലീസ്. റിതിക് വർമ എന്ന യുവാവാണ് മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ശാസ്‌ത്രി പാർക്ക് ഏരിയയിലെ ഒരു വീട്ടില്‍ വച്ചാണ് സംഭവം നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൊല്ലപ്പെട്ടയാളുടെ വീടിന് സമീപം താമസിച്ചിരുന്ന അജ്‌മത്ത് എന്നയാളാണ് മർദിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാകേഷ് പവേരിയ പറഞ്ഞു. തിങ്കളാഴ്‌ച രാവിലെയാണ് അജ്‌മത്ത് യുവാവിനെ മര്‍ദിച്ചത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തതായി പൊലീസ് വ്യക്തമാക്കി.
"രാവിലെ 11 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ അജ്‌മത്ത്, തന്‍റെ ഭാര്യയ്‌ക്കൊപ്പം യുവാവിനെ കാണുകയായിരുന്നു. ദേഷ്യം വന്ന ഇയാള്‍ ഭാര്യയേയും റിതിക് വര്‍മയേയും കനത്ത മര്‍ദനത്തിന് ഇരയാക്കി"- ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാകേഷ് പവേരിയ പറഞ്ഞു.
പ്രതിയുടെ ഭാര്യയുമായി മരണപ്പെട്ടയാള്‍ക്ക് ഏതാനും മാസങ്ങളായി ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി ഡിസിപി പറഞ്ഞു. പ്രതി വീട്ടില്‍ ഇല്ലാത്ത സമയത്ത് യുവാവ് പലപ്പോഴും പ്രതിയുടെ ഭാര്യയെ കാണാറുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റ റിതിക്കിനെ ഇയാളുടെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ രാത്രി ഒമ്പതോടെയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങുന്നത്. റിതിക്കിനെ പ്രതി ക്രൂരമായി മര്‍ദിച്ചതായി അമ്മാവനായ ബണ്ടി പറഞ്ഞു.
"അവർ റിതിക്കിനെ ക്രൂരമായി പീഡിപ്പിച്ചു. അവന്‍റെ നഖങ്ങള്‍ പിഴുതെടുത്തിട്ടുണ്ട്. ശരീരത്തിന്‍റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു" ബണ്ടി പറഞ്ഞു.
റിതിക്കിനെയും യുവതിയെയും പ്രതി മർദിച്ചതായി അയൽവാസി പറഞ്ഞു. ഒന്നിലധികം പേർ ചേർന്നാണ് റിതിക്കിനെ മർദിച്ചത്. ടെമ്പോ ഡ്രൈവറായിരുന്നു റിതിക്. മാതാപിതാക്കളുടെ ഏക മകനായിരുന്നു ഇയാളെന്നും അയൽവാസി കൂട്ടിച്ചേര്‍ത്തു.