കൊൽക്കത്ത: രാജ്യത്തുടനീളം വർധിച്ചുവരുന്ന ബലാത്സംഗങ്ങളും കൊലപാതകങ്ങളും നേരിടാൻ കൂടുതൽ കർശനമായ നിയമങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു ദിവസം രാജ്യത്തുടനീളം ഏകദേശം 90 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
I have written this letter today to the Hon'ble Prime Minister of India: pic.twitter.com/pyVIiiV1mn
— Mamata Banerjee (@MamataOfficial) August 22, 2024
15 ദിവസത്തിനകം കുറ്റവാളികളെ ശിക്ഷിക്കാൻ കഴിയുന്ന നിയമമാണ് മമതാ ബാനർജി ആവശ്യപ്പെടുന്നതെന്ന് മമതയുടെ മുഖ്യ ഉപദേഷ്‌ടാവായ അലപൻ ബന്ദോപാധ്യായ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് ബലാത്സംഗവും കൊലപാതകവും ക്രമാനുഗതമായി വർധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. എല്ലാ കേസുകളും 15 ദിവസത്തിനകം വിചാരണ ചെയ്യണമെന്നും അതിവേഗ കോടതി വഴി ശിക്ഷ ഉറപ്പാക്കണമെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി.
ആർജി കാർ ആശുപത്രി ബലാത്സംഗക്കേസിൽ ഇപ്പോഴും പ്രതിഷേധം നടന്നകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമരം പിൻവലിക്കാൻ ജൂനിയർ ഡോക്‌ടർമാരോട് സുപ്രീം കോടതി വ്യാഴാഴ്‌ച (ഓഗസ്‌റ്റ് 22) അഭ്യർഥിച്ചെങ്കിലും നടന്നില്ല. ഈ സമയത്താണ് ബലാത്സംഗം, കൊലപാതകം എന്നിവയിൽ കർശനമായ നിയമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് മമത പ്രധാനമന്ത്രിക്ക് കത്തയച്ചത്.
ഇത്തരം സംഭവങ്ങൾ തടയാനായി കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് മമത അഭ്യർത്ഥിച്ചു. തിങ്കളാഴ്‌ച (ഓഗസ്‌റ്റ് 19) മൗലാലിയിൽ നിന്ന് ഡോറിന ക്രോസിംഗിലേക്ക് നടത്തിയ മാർച്ചിനിടെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു.
തൃണമൂൽ കോൺഗ്രസിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജി ഇന്ന് (ഓഗസ്‌റ്റ് 22) വർധിച്ചുവരുന്ന ബലാത്സംഗം, കൊലപാതകം എന്നീ സംഭവങ്ങളെക്കുറിച്ച് സമൂഹമാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചിരുന്നു.
Over the past 10 days, while the nation has been protesting against the #RGKarMedicalcollege incident and demanding justice, 900 RAPES have occurred across different parts of India - DURING THE VERY TIME WHEN PEOPLE WERE ON THE STREETS PROTESTING AGAINST THIS HORRIBLE CRIME.…
— Abhishek Banerjee (@abhishekaitc) August 22, 2024
"കഴിഞ്ഞ പത്ത് ദിവസമായി നീതി ആവശ്യപ്പെട്ടുകൊണ്ട് ആർ ജി കാർ മെഡിക്കൽ കോളജ് സംഭവത്തിനെതിരെ ആളുകൾ പ്രതിഷേധിക്കുന്നുണ്ട്. ഏകദേശം 900 ബലാത്സംഗങ്ങളാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്. എല്ലാ സമയത്തും ജനങ്ങൾ പ്രതിഷേധിക്കുമ്പോഴും ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലായെന്നുളളത് ചർച്ച ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. ഓരോ നാല് മണിക്കൂറിലും 90 പീഡനങ്ങൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഓരോ 15 മിനിറ്റിലും ഒരു പീഡനം വീതം നടക്കുന്നുണ്ട്". - അഭിഷേക് ബാനർജി ട്വീറ്റ് ചെയ്‌തു.
50 ദിവസത്തിനുള്ളിൽ വിചാരണകളും ശിക്ഷാവിധികളും നിർബന്ധമാക്കുന്ന ശക്തമായ നിയമങ്ങളാണ് കൊണ്ടുവരേണ്ടതെന്നും അഭിഷേക് ആവശ്യപ്പെട്ടു. വാഗ്‌ദാനങ്ങളല്ല വേണ്ടത്, കഠിനമായ ശിക്ഷകളാണ് ആവശ്യം. ആൻ്റി റേപ്പ് നിയമം കർശനമാക്കുകയാണ് വേണ്ടത്. ഉടനടി തന്നെ നീതി നടപ്പാക്കുന്ന നിയയമമായിരിക്കണം കൊണ്ടുവരേണ്ടത്. അതിൽ കുറഞ്ഞതൊന്നും തന്നെ ഫലവത്താവില്ലെന്നും അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു.