കൊൽക്കത്ത: ബംഗാള്‍ സർക്കാരുമായി ആലോചിക്കാതെ ദാമോദർ വാലി കോർപ്പറേഷൻ (ഡിവിസി) ജലസംഭരണികളിൽ നിന്ന് വെള്ളം തുറന്നുവിട്ടതില്‍ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാളിലെ വെള്ളപ്പൊക്ക സാഹചര്യം ചൂണ്ടിക്കാട്ടി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തെഴുതി. സെപ്റ്റംബർ 20നാണ് മമത പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്.
സംസ്ഥാനത്തെ 5 ദശലക്ഷം ആളുകൾ പ്രളയക്കെടുതിയിൽ അകപ്പെട്ടിട്ടുണ്ടെന്നും വ്യാപകമായ നാശം പരിഹരിക്കാൻ കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കണമെന്നും മമത കത്തില്‍ ചൂണ്ടിക്കാട്ടി. ഡിവിസി റിസർവോയറുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് സംസ്ഥാന ഉദ്യോഗസ്ഥരെ എല്ലാ ഘട്ടങ്ങളിലും അറിയിച്ചിരുന്നു എന്ന് മമത ബാനർജി പ്രധാനമന്ത്രിക്ക് നേരത്തെ അയച്ച കത്തിന് മറുപടിയായി കേന്ദ്ര ജലശക്തി മന്ത്രി സിആർ പാട്ടീൽ മറുപടി നല്‍കിയിരുന്നു. ഒരു വലിയ ദുരന്തം തടയാൻ നടപടി അത്യന്താപേക്ഷിതമാണ് എന്നായിരുന്നു പാട്ടീലിന്‍റെ വിശദീകരിച്ചത്. എന്നാല്‍, ഇതിനോട് വിയോജിക്കുന്നതായി മമത ബാനര്‍ജി അറിയിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേന്ദ്ര ജല കമ്മിഷൻ, ജൽ ശക്തി മന്ത്രാലയം, ഇന്ത്യ ഗവൺമെന്‍റ് എന്നിവയുടെ പ്രതിനിധികൾ എല്ലാ നിർണായക തീരുമാനങ്ങളും ഏകപക്ഷീയമായാണ് എടുക്കുന്നത് എന്നും മമത കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന് ഒരു അറിയിപ്പും നൽകാതെ ചിലപ്പോൾ വെള്ളം തുറന്നുവിടാറുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. തന്‍റെ സർക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ മാനിക്കുന്നില്ലെന്നും മമത ബാനർജി പറഞ്ഞു.
കൂടാതെ റിസർവോയറുകളിൽ ഒമ്പത് മണിക്കൂർ നീണ്ട് നിന്ന് പീക്ക് റിലീസ് 3.5 മണിക്കൂർ നോട്ടിസ് നൽകിയാണ് നടത്തിയത്, ഇത് ഫലപ്രദമായ ദുരന്തനിവാരണത്തിന് പര്യാപ്‌തമല്ലെന്ന് തെളിയിക്കുന്നതായും മമത ബാനര്‍ജി അയച്ച കത്തിൽ പറയുന്നു.
ബംഗാളിലെ കനത്ത മഴയെത്തുടർന്ന് സെപ്‌തംബർ 14 മുതൽ 17 വരെ പശ്ചിമ ബംഗാൾ ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ച് മൈത്തോൺ, പഞ്ചെറ്റ് റിസർവോയറുകളിൽ നിന്നുള്ള വെള്ളം 50 ശതമാനം തുറന്നുവിട്ടതായി കേന്ദ്ര ജലശക്തി മന്ത്രി പാട്ടീൽ വ്യക്തമാക്കിയിരുന്നു.