ജല്‍പായ്‌ഗുഡി: പൗരത്വ നിയമത്തിനും പൗരത്വ പട്ടികയ്ക്കും പിന്നാലെ പൊതു സിവില്‍ കോഡു കൂടി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിെര പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിലുള്ള അടുപ്പത്തെയും മമത ചോദ്യം ചെയ്‌തു. മാല്‍ബസാറില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഇതടക്കം നിരവധി വിഷയങ്ങള്‍ മമത ഉയര്‍ത്തി. ബിജെപിയുമായി കൂടിയാലോചിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് എന്ന ഗുരുതര ആരോപണവും അവര്‍ ഉയര്‍ത്തി.
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മാതൃക പെരുമാറ്റച്ചട്ടം ബിജെപി ലംഘിക്കുന്നതായും മമത ആരോപിച്ചു. വിഷസര്‍പ്പത്തെ പോലും വിശ്വസിക്കാം, അവയെ വേണമെങ്കില്‍ പോറ്റി വളര്‍ത്താം. എന്നാല്‍ ബിജെപിയെ പറ്റില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ താത്‌പര്യത്തിന് അനുസരിച്ചാണ് കേന്ദ്ര ഏജന്‍സികളും ബിഎസ്എഫും സിഐഎസ്എഫും പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നൽകി.
ബിജെപി രാജ്യത്തെ തകര്‍ക്കുകയാണ്. കേന്ദ്ര ഏജന്‍സികളുടെ ഭീഷണിക്ക് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുട്ട് മടക്കില്ല. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎസ്എഫില്‍ നിന്ന് നാട്ടുകാര്‍ക്ക് പീഡനമുണ്ടായാല്‍ കൂച്ച്ബീഹാറിലെ സ്‌ത്രീകള്‍ പൊലീസില്‍ പരാതിപ്പെടണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍, എന്‍ഐഎ, ആദായനികുതി വകുപ്പ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവ ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു രാജ്യം ഒരൊറ്റ പാര്‍ട്ടി എന്ന സിദ്ധാന്തത്തിലൂന്നിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. നിരവധി കേസുകളുള്ള ഒരാള്‍ക്ക് ആഭ്യന്തര വകുപ്പിന്‍റെ സഹമന്ത്രി സ്ഥാനം നല്‍കിയത് ലജ്ജാകരമാണെന്നും മമത ചൂണ്ടിക്കാട്ടി. നിശിത് പ്രാമാണികിന്‍റെ പേര് എടുത്ത് പറയാതെ ആയിരുന്നു മമതയുടെ വിമര്‍ശനം.
പശ്ചിമബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന കാര്യവും മമത ആവര്‍ത്തിച്ചു. ബിജെപി ഒരു ജുംല പാര്‍ട്ടിയാണെന്നും പൗരത്വ നിയമത്തില്‍ നുണകള്‍ പടച്ച് വിട്ടുകൊണ്ടിരിക്കുകയാണെന്നും മമത ആരോപിച്ചു.
സിഎഎ നിയമപരമായി രാജ്യത്തെ പൗരന്‍മാരായവരെ വിദേശികളാക്കാനുള്ള കെണിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒരിക്കല്‍ നിങ്ങള്‍ സിഎഎ നടപ്പാക്കിയാല്‍ എന്‍ആര്‍സിയും ഇതിന് പിന്നാലെ എത്തും. പശ്ചിമ ബംഗാളില്‍ ഇത് രണ്ടും അനുവദിക്കില്ല. നിങ്ങള്‍ അപേക്ഷ നല്‍കിയാല്‍ നിങ്ങള്‍ വിദേശികളായി മാറ്റപ്പെടുമെന്നും മമത സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ പങ്കാളികളെയും മമത വെറുതെ വിട്ടില്ല. പശ്ചിമ ബംഗാളില്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ത്തിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. പശ്ചിമ ബംഗാളില്‍ ഇന്ത്യ സഖ്യമില്ല. ഇന്ത്യ മുന്നണി ഉണ്ടാക്കാന്‍ പ്രയ്‌ത്നിച്ച പ്രധാന വ്യക്തിയാണ് താന്‍. സഖ്യത്തിന് പേര് നിര്‍ദ്ദേശിച്ചത് പോലും താനാണ്. എന്നാല്‍ പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൂടി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഇപ്പോഴെന്നും അവര്‍ ആരോപിച്ചു.
ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസിനോ ഇടതുമുന്നണിക്കോ അവര്‍ സഖ്യകക്ഷിയായ ന്യൂനപക്ഷ പാര്‍ട്ടി ഐഎസ്എഫിനോ വോട്ട് ചെയ്യരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഐഎസ്എഫ് എഐഎംഐഎമ്മിനെ പോലെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവര്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.