ന്യൂഡൽഹി: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാ വികാസ് അഘാഡി സഖ്യവുമായി ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ്. ചർച്ചകൾക്കായി രണ്ട് കമ്മറ്റികൾ രൂപീകരിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി, മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റി എന്നീ രണ്ട് കമ്മറ്റികളാണ് ഖാർഗെയുടെ നേതൃത്വത്തിൽ രൂപീകരിച്ചത്.
മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസില്‍ നാമകരണം ചെയ്യപ്പെട്ട നേതാക്കളിൽ നാനാ പട്ടോലെ, ബാലാസാഹേബ് തൊറാട്ട്, വിജയ് വദേത്തിവാർ, പൃഥ്വിരാജ് ചവാൻ, ഡോ. നിതിൻ റൗട്ട്, ആരിഫ് നസീം ഖാൻ, സതേജ് പാട്ടീൽ എന്നിവര്‍ ഉൾപ്പെടുന്നു. വർഷ ഗെയ്‌ക്‌വാദ്, അശോക് ജഗ്‌താപ്, അസ്‌ലം ഷെയ്ഖ് എന്നിവരാണ് മുംബൈ റീജിയണൽ കോൺഗ്രസ് കമ്മറ്റിയിലെ നേതാക്കൾ.
പ്രധാന നേതാക്കളുടെ കൂറുമാറ്റം, പാർട്ടി നേതാക്കൾക്കിടയിലെ പ്രശ്‌നങ്ങള്‍ എന്നിവ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാകും. 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷാവസാനം നടക്കാനിരിക്കുകയാണ്. നിലവിലെ സംസ്ഥാന നിയമസഭയുടെ കാലാവധി 2024ൽ അവസാനിക്കും. എന്നാല്‍ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുപ്പ് തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.