ഷിംല (ഹിമാചൽ പ്രദേശ്): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ ഭീഷണിപ്പെടുത്തി അസ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ സംസ്ഥാന സർക്കാരുകൾക്കെതിരെ ആയുധമാക്കുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഷിംലയിലെ രോഹ്രുവിൽ പൊതുയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖാർഗെ.
കഴിഞ്ഞ ദിവസം നഹനിലും മാണ്ഡിയിലും നടന്ന റാലികളിൽ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിലെ മറഞ്ഞിരിക്കുന്ന ഭീഷണികളെയും ഖാർഗെ ചൂണ്ടിക്കാട്ടി. മോദി സർക്കാർ ജനാധിപത്യ സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിൻ്റെ ശിൽപിയാണെന്ന് പറഞ്ഞ മല്ലികാർജുൻ ഖാർഗെ ഹിമാചൽ പ്രദേശിലെ ജനകീയ സർക്കാരിനെ ഭയപ്പെടുത്താനാണ് ഇപ്പോൾ അവരുടെ ശ്രമമെന്നും ആരോപിച്ചു.
'ഗോവ, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, മണിപ്പൂർ തുടങ്ങി നിരവധി ജനാധിപത്യ സംസ്ഥാനങ്ങളെ മോദി സർക്കാർ പുറത്താക്കി. ഇപ്പോൾ ഹിമാചൽ പ്രദേശിലെ ജനകീയ സർക്കാരിനെ ഭയപ്പെടുത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാന സർക്കാർ അധികകാലം നിലനിൽക്കില്ലെന്ന് പറഞ്ഞ് ബിജെപിക്ക് വോട്ട് ചെയ്യാൻ അവർ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്'- ഖാർഗെ പറഞ്ഞു.
കേന്ദ്രത്തിൽ ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പ് നൽകിയ ഖാർഗെ, രാജ്യത്തിൻ്റെ ഭരണഘടനയും മതേതരത്വ മനോഭാവവും സംരക്ഷിക്കാൻ കോൺഗ്രസിനെ പിന്തുണച്ചാണ് രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പറഞ്ഞു. ഭക്ഷണം, വിദ്യാഭ്യാസം, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവയടക്കമുള്ള യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രധാനമന്ത്രി മോദി നുണ പറയുന്ന ആളാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ജൂൺ 4ന് കേന്ദ്രത്തിൽ ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും. അധികാരം തൻ്റെ കൈകളിൽ നിന്ന് വഴുതിപ്പോയതിനാൽ ഈ യാഥാർഥ്യത്തെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി മോദി ഭയപ്പെടുന്നു. ബിജെപി നേതാക്കൾ മതത്തിൻ്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുകയാണ്.
2014ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വാഗ്‌ദാനം ചെയ്‌ത രണ്ട് കോടി തൊഴിലവസരങ്ങൾ നൽകാതെയും 15 ലക്ഷം രൂപ നൽകാതെയും രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചയാളാണ് പ്രധാനമന്ത്രി മോദി. കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളിലായി 30 ലക്ഷം ഒഴിവുള്ള തസ്‌തികകൾ നികത്തുമെന്ന് ഖാർഗെ അവകാശപ്പെട്ടു. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യ സഖ്യം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ, കർഷകർ, സ്‌ത്രീകൾ എന്നിവർക്ക് നീതി ലഭ്യമാക്കുന്ന അഞ്ച് ഉറപ്പുകൾ നൽകുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.