ജയ്‌പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് 32 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മയുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ബിജെപി പ്രവേശം. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സി പി ജോഷിയടക്കമുള്ള ഉന്നത നേതാക്കളും ജയ്‌പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംബന്ധിച്ചു(Congress In Rajastha).
മുന്‍ മന്ത്രിമാരായ ലാല്‍ ചന്ദ് കട്ടാരിയ, രാജേന്ദ്രയാദവ്, മുന്‍എംഎല്‍എമാരായ റിച്ച്‌പാല്‍ മിര്‍ധ, മകന്‍ വിജയ്‌പാല്‍ മിര്‍ധ, മുന്‍ സ്വതന്ത്ര എംഎല്‍എ അലോക് ബെനിവാള്‍, രാംപാല്‍ ശര്‍മ്മ, റിതു ഝുന്‍ഝുന്‍വാല, സേവാദളിന്‍റെ മുന്‍സംസ്ഥാന അധ്യക്ഷന്‍ സുരേഷ് ചൗധരി തുടങ്ങിയവരാണ് ബിജെപിയിലേക്ക് ചേക്കേറിയത്(32 Leaders Join BJP).
ഇതിന് പുറമെ രാം നാരായണ്‍ കിസാന്‍, അനില്‍വ്യാസ്, ഓംകാര്‍സിങ് ചൗധരി, ഗോപാല്‍റാം കുക്‌ന, അശോക് ജാഗിന്ദ്, പ്രിയമെഗ്‌വാള്‍, രാജേന്ദ്ര പര്‍സ്വാള്‍, ഷെയ്‌താന്‍ സിങ് മെഹ്‌റ,രാം നാരായണ്‍ ഝാഝ്ര, ജഗന്നാഥ് ബുര്‍ദാക്ക്, കര്‍മ്മവീര്‍ ചൗധരി, കുല്‍ദീപ് ധേവ, ബച്ചു സിങ് ചൗധരി, രാംലാല്‍ മീണ, മഹേഷ് ശര്‍മ്മ, രഞ്ജിത് സിങ്, മധുസൂതന്‍ ശര്‍മ്മ തുടങ്ങിയവരും ബിജെപിയില്‍ ചേര്‍ന്നു( Lok Sabha elections).
പുതുതായി വന്നവരെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന അധ്യക്ഷനും പുറമെ മുതിര്‍ന്ന നേതാക്കളായ ഭുപേന്ദ്ര യാദവ്, ഉപമുഖ്യമന്ത്രി ദിയ കുമാരി, രാജേന്ദ്ര റാത്തോഡ് തുടങ്ങിയവരും പാര്‍ട്ടി ആസ്ഥാനത്ത് സന്നിഹിതരായിരുന്നു.
മിര്‍ധ കുടുംബം നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജയ്‌പൂരിലെ സിര്‍സ റോഡില്‍ നടക്കുന്ന ഒരു ചടങ്ങില്‍ വച്ച് താനും റിച് പാല്‍ മിര്‍ധയും ബിജെപിയില്‍ ചേരുമെന്നായിരുന്നു വിജയ് മിര്‍ധ എക്‌സില്‍ കുറിച്ചത്. പോസ്റ്റ് റിച്ച്പാല്‍ മിര്‍ധ റിട്വീറ്റ് ചെയ്‌തിരുന്നു. പരിപാടിയില്‍ പങ്കെടുക്കണമെന്ന് തന്‍റെ അനുയായികളോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്‌തിരുന്നു. ഏതായാലും ഈ നീക്കങ്ങള്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുത്.
നേരത്തെ ലാല്‍ചന്ദ് കട്ടാരിയ രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറിയിരുന്നു. ഇതിന് പുറമെ പാര്‍ട്ടിയില്‍ സജീവമായിരുന്നുമില്ല. അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഇതോെട ശക്തമായിരുന്നു. വിജയ്പാലിന് ദെഗാന സീറ്റ് നഷ്‌ടമായിരുന്നു. റിച്‌പാല്‍ അടുത്തിടെ പാര്‍ട്ടി താഴെത്തട്ടിലുള്ള നേതാക്കളെ ഗൗനിക്കുന്നില്ലെന്ന ആരോപണം ഉയര്‍ത്തിയിരുന്നു.
കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ച അലോക് ബെനിവാള്‍ ഷാപുര സീറ്റില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. അഞ്ച് വര്‍ഷം കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തിന് വീണ്ടും സീറ്റ് നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മിര്‍ധ കുടുംബത്തിലെ ജ്യോതി മിര്‍ധ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ റിച്‌പാലിനും പിന്നാലെ വിജയ്‌പാല്‍ മിര്‍ധയും കോണ്‍ഗ്രസിന് വലിയ പ്രഹരമേല്‍പ്പിച്ച് കൊണ്ട് ബിജെപിയിലേക്ക് ചുവട് മാറിയിരിക്കുകയാണ്.
Also Read: കോൺഗ്രസ് ഗാന്ധിയെ മറന്നുവെന്നു, ബിജെപിയിലേക്ക് ഇനിയും ഒഴുക്ക് തുടരും; ബിനോയ് വിശ്വം