പൂനെ: വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രമേയം പാസാക്കി മഹാരാഷ്‌ട്രയിലെ ഗ്രാമപഞ്ചായത്ത്. സത്താറ ജില്ലയിലെ കോലെവാഡി ഗ്രാമപഞ്ചായത്താണ് ഇനി വരുന്ന തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിൽ നടത്താൻ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് ഭരണസമിതി കോലെവാഡിയിലെ വില്ലേജ് ഡെവലപ്‌മെന്‍റ് ഓഫിസറുടെ നേതൃത്വത്തില്‍ ഗ്രാമസഭാ യോഗം വിളിച്ചിരുന്നു.
യോഗത്തിൽ മുൻ സർപഞ്ച് രത്നമാല ശങ്കർറാവു പാട്ടീൽ, മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. ഈ യോഗത്തിലാണ് തെരഞ്ഞെടുപ്പിൽ ഇവിഎം ഉപയോഗിക്കുന്നതിനെ എതിർത്ത് ഔദ്യോഗികമായി പ്രമേയം പാസാക്കിയത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ പ്രതിനിധീകരിച്ച കരാഡ് (സൗത്ത്) അസംബ്ലി മണ്ഡലത്തിന് കീഴിലാണ് ഈ വില്ലേജ് വരുന്നത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അതുൽ ഭോസാലെയ്‌ക്കെതിരെ 39,355 വോട്ടുകൾക്ക് പൃഥ്വിരാജ് ചവാൻ വിജയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോലെവാഡിയിലെ ജനങ്ങള്‍ ഇവിഎമ്മിലൂടെയുള്ള വോട്ടുകളിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രമേയം പാസാക്കിയത്. സോലാപൂരിലെ മൽഷിറാസ് മണ്ഡലത്തിലെ മർകദ്‌വാഡിയിൽ നിന്നുള്ള ഒരു വിഭാഗം ഗ്രാമീണർ ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു, ഇവിഎമ്മിനെതിരെ ഗ്രാമീണര്‍ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ 200 ലധികം ആളുകൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു.
ഇതിനുപിന്നാലെ, ഗ്രാമീണരുടെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രമേയം പാസാക്കിയത്. ഭാവിയിലെ തെരഞ്ഞെടുപ്പ് ഇവിഎമ്മുകളില്ലാതെ ബാലറ്റ് പേപ്പറുകളിലൂടെ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോലെവാഡി ഗ്രാമസഭ പ്രമേയം പാസാക്കിയതെന്ന് ഗ്രാമത്തിലെ ഒരാള്‍ പറഞ്ഞു.
എല്ലാവരുടെയും ആവശ്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ ബാലറ്റ് പേപ്പർ സംവിധാനത്തിലേക്ക് മടങ്ങണമെന്ന് അദ്ദേഹം വ്യക്തമാക്കി. 'ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ മാത്രമേ കോലെവാഡിയിലെ ജനങ്ങൾ വോട്ട് ചെയ്യൂ എന്ന് ഞങ്ങൾ തീരുമാനിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇവിഎം ഉപയോഗിച്ചാൽ ഞങ്ങൾ വോട്ട് ചെയ്യില്ല, ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യാൻ ഭരണകൂടം ഞങ്ങളെ അനുവദിച്ചില്ലെങ്കിൽ, ഞങ്ങൾ പോളിങ് പ്രക്രിയ ബഹിഷ്‌കരിക്കും,' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിയതുമായി ബന്ധപ്പെട്ടുള്ള പകർപ്പ് തന്‍റെ ഓഫിസിന് ലഭിച്ചിട്ടില്ലെന്ന് സത്താറ ജില്ലാ കലക്‌ടർ ജിതേന്ദ്ര ദുദി പറഞ്ഞു. പ്രമേയത്തിന്‍റെ പകര്‍പ്പ് ലഭിക്കാത്തതിനാൽ താൻ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും, പകര്‍പ്പ് ലഭിച്ചാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: 'മോദി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് തട്ടിപ്പിലൂടെ'; ഇവിഎമ്മിനെതിരെ തുറന്നടിച്ച് ഖാർഗെ