മഹാരാഷ്ട്ര : ഗഡ്‌ചിരോളി ജില്ലയിൽ ഭീകരരും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് (19-03-2024) പുലര്‍ച്ചെ എസ്‌പിഎസ് റെപ്പൻപള്ളിയിൽ നിന്ന് 5 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കൊലമർക പർവതനിരകളിൽ നടത്തിയ തിരച്ചിലിനിടെയാണ് ഭീകര സംഘത്തെ കണ്ടെത്തിയത്.
വര്‍ഗീഷ്, മാഗ്‌തു, കുര്‍സാങ് രാജു, കുടിമെട്ട വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തുന്നവർക്ക് 36 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഗഡ്‌ചിരോളി പൊലീസിന്‍റെ പ്രത്യേക യൂണിറ്റായ സി–60യുടെ ഒന്നിലധികം സംഘങ്ങളെയും, സെൻട്രൽ റിസർവ് പൊലീസ് സേനയുടെ ക്വിക്ക് ആക്ഷൻ സംഘത്തെയുമാണ് തിരച്ചിലിനായി നിയോഗിച്ചിരുന്നത്.
സുരക്ഷാസൈന്യത്തിന് നേരെ നക്‌സലുകളുടെ വെടിവയ്പ്പുണ്ടായി. അതിനെതിരെ ഞങ്ങളുടെ C60 ടീമുകൾ ശക്തമായി തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിനിടെയാണ് നാല് ഭീകരര്‍ കൊല്ലപ്പെട്ടതെന്നും ഗഡ്‌ചിരോളി പൊലീസ് സൂപ്രണ്ട് നിലോത്പൽ പറഞ്ഞു (Four Naxalites were killed in an encounter with security personnels).
"ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ മാതൃക പെരുമാറ്റച്ചട്ട കാലയളവിൽ രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ തെലങ്കാന സംസ്ഥാന കമ്മിറ്റിയിലെ ചില അംഗങ്ങൾ പ്രൺഹിത നദി കടന്ന് ഗഡ്‌ചിരോളിയിലേക്ക് കടന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
അഹേരി സബ് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് അഡീഷണൽ എസ്‌പി ഒപിഎസ് യതീഷ് ദേശ്‌മുഖിൻ്റെ നേതൃത്വത്തിൽ സി60, സിആർപിഎഫ് ക്യുഎടി എന്നിവയുടെ ഒന്നിലധികം ടീമുകളെ പ്രദേശത്തേക്ക് അയച്ചിരുന്നു. തുടര്‍ന്ന് ഇന്ന് (19-03-2024) പുലർച്ചെ കൊലമർക പർവതനിരകളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സംഘത്തെ കണ്ടെത്താനായത്" - പൊലീസ് സൂപ്രണ്ട് നിലോത്പൽ കൂട്ടിച്ചേര്‍ത്തു.
വെടിവയ്പ്പ് നിർത്തിയ ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ശേഷം നാല് നക്‌സലുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് ഗഡ്‌ചിറോളി എസ്‌പി പറഞ്ഞു. കൂടാതെ ഒരു എകെ 47, ഒരു കാർബൈൻ, രണ്ട് നാടൻ പിസ്റ്റളുകൾ, നക്‌സൽ ലഘുലേഖകള്‍, ഇവരുടെ സ്വകാര്യ വസ്‌തുക്കൾ എന്നിവയും പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
മരിച്ചവരിൽ ഉന്നത നക്‌സൽ നേതാക്കളും മാങ്കി ഇന്ദ്രവേലി ഏരിയ കമ്മിറ്റി സെക്രട്ടറി ഡിവിസിഎം വർഗീഷും ഉൾപ്പെടുന്നുവെന്നും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. പ്രദേശത്ത് സിആർപിഎഫിന്‍റെ പട്രോളിങ് തുടരുകയാണ്.