മാല്‍ഡ(പശ്ചിമബംഗാള്‍): പശ്ചിമബംഗാളില്‍ ബിജെപിയുടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് മാല്‍ഡ ദക്ഷിണ മണ്ഡലം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍ നിന്ന് ജനവിധി തേടാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ബിജെപിക്കാരുടെ എണ്ണം കണ്ടാല്‍ കണ്ണ് തള്ളും(Malda Dakshin).
ഈ മണ്ഡലത്തിന് അവകാശവാദവുമായി ഇതുവരെ പതിനഞ്ച് പേര്‍ ജില്ലാ -സംസ്ഥാന നേതാക്കളെ സമീപിച്ചു എന്നാണ് സൂചന. ഏറ്റവും രസകരമായ സംഗതി എന്തെന്നാല്‍ ഈ മണ്ഡലം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്‌ടമായതാണ്. പക്ഷേ തീരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസിലെ അബു ഹസീം ഖാന്‍ ചൗധരിയാണ് മാല്‍ഡ ദക്ഷിണ മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 8222വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരൂപ മിത്ര ചൗധരി രണ്ടാം സ്ഥാനത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കാള്‍ മികച്ച വോട്ട് കരസ്ഥമാക്കാന്‍ ഇവര്‍ക്കായി. ഇംഗ്ലീഷ് ബസാറിലെയും മാണിക്ചക്, ബൈഷ്ണബ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ അവര്‍ അവിടെ നിന്ന് സ്വന്തമാക്കി(BJP Lok Sabha ticket).
മോത്താബാരി, സുജപൂര്‍, ഫറാക്ക, സാംസെര്‍ഗഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഖാന്‍ ചൗധരിക്ക് കൃത്യമായ ഭൂരിപക്ഷം നേടാനായി. ഇത് അദ്ദേഹത്തിന്‍റെ വിജയത്തിന് ഏറെ നിര്‍ണായകമായി.
എന്നാല്‍ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ഇംഗ്ലീഷ് ബസാറില്‍ ബിജെപി മുന്നേറി. മാല്‍ഡ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മറ്റ് ആറ് നിയമസഭാ സീറ്റുകളില്‍ തൃണമൂല്‍ വിജയിച്ചു. ഇവിടെയുള്ള ഏഴ് നിയമസഭാ സീറ്റുകളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വീണ്ടും കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന മേഖല കോണ്‍ഗ്രസ് തിരിച്ച് പിടിച്ചു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ എബിഎ ഖനിഖാന്‍ ചൗധരിയാണ് ഈ മേഖല കയ്യാളിയിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ നില മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസിനായി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നാല് നിയമസഭാ മണ്ഡലങ്ങളിലും നില മെച്ചപ്പെടുത്താനായി. തൃണമൂല്‍ രണ്ടാംസ്ഥാനത്തും ബിജെപി മൂന്നാമതുമായി.
അബു ഹസീം ഖാന്‍ ചൗധരിയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്‍റെ മകന്‍ ഇഷഖാന്‍ ചൗധരിയെ ആകും മാല്‍ഡ ദക്ഷിണ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുക എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഷ സുജാപൂര്‍ മണ്ഡലത്തില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ തങ്ങള്‍ക്ക് തിരിച്ച് വരവിനു മികച്ച അവസരമാണിതെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
ഇംഗ്ലീഷ് ബസാര്‍ മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷ നേതാവ് അംലന്‍ ഭാദുരി, ബിജെപി മുന്‍ ജില്ലാ അധ്യക്ഷന്‍ ഗോബിന്ദോ ചന്ദ്രമണ്ഡല്‍, യുവനേതാവ് ബിശ്വജിത് റോയ്, മുന്‍ ജില്ലാ പരിഷത് ചെയര്‍മാന്‍ ഗൗര്‍ ചന്ദ്രമണ്ഡല്‍, ബൈഷ്‌ണബ് നഗര്‍ മുന്‍ എംഎല്‍എ സ്വാധിന്‍ സര്‍ക്കാര്‍, ഇപ്പോഴത്തെ ജില്ലാ അധ്യക്ഷന്‍ പാര്‍ത്ഥ സാരഥി ഘോഷ്, പാര്‍ട്ടി നേതാവ് അജിത് ദാസ്, 2019ല്‍ സ്ഥാനാര്‍ത്ഥിയും നിലവില്‍ ഇംഗ്ലീഷ് ബസാറില്‍ നിന്നുള്ള നിയമസഭാ സമാജികയുമായ ശ്രീരൂപ മിത്ര ചൗധരി തുടങ്ങിയവരാണ് മാല്‍ഡ ദക്ഷിണ മണ്ഡലത്തില്‍ കണ്ണ് വച്ചിരിക്കുന്നത്. ജില്ലാ ഓഫീസില്‍ ഇതിനകം പത്ത് അപേക്ഷകള്‍ മാല്‍ഡ ദക്ഷിണ മണ്ഡലത്തിന് വേണ്ടി ലഭിച്ച് കഴിഞ്ഞതായി ബിജെപി ജില്ലാ അധ്യക്ഷന്‍ പാര്‍ത്ഥ സാരഥി ഘോഷ് പറഞ്ഞു. ചില അപേക്ഷകള്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് നേരിട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കള്‍ വിവേകപൂര്‍വ്വം ഒരു തീരുമാനം എടുക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ നേതാക്കള്‍ എല്ലാം കൂടി ഒരു സീറ്റിന് വേണ്ടി പിടിവലി കൂടുന്നത് മികച്ച ഒരു സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത് തടയുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വാദം. മാല്‍ഡ ദക്ഷിണ മണ്ഡലത്തിന്‍റെ പരിധിയില്‍ വരുന്ന കിലോമീറ്റര്‍ നീളുന്ന നദീ അതിര്‍ത്തി ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വന്‍തോതില്‍ പണമെത്തുന്നതിന് സഹായകമാണ്. മയക്കുമരുന്ന് കള്ളക്കടത്ത് മുതല്‍ അനധികൃത മണ്ണ് ഖനനം വരെയുള്ളതില്‍ നിന്നുള്ള പണമാണ് ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നത്. മാല്‍ഡയിലെ സമീപപ്രദേശങ്ങളില്‍ നിന്ന് വന്‍ തോതില്‍ പണമെത്തുന്നു. എല്ലാ രാഷ്‌ട്രീയക്കാര്‍ക്കും ഇതിന്‍റെ പങ്ക് കിട്ടുന്നുണ്ട്. ഇതാണ് എല്ലാവരും ഈ സീറ്റില്‍ കണ്ണ് വയ്ക്കാന്‍ കാരണമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു രാഷ്‌ട്രീയ നിരീക്ഷകന്‍ പറയുന്നു. എന്നാല്‍ ഇത് അനധികൃത പണമാണ്. അതില്‍ കണ്ണ് വയ്ക്കാതെ തെരഞ്ഞെടുപ്പിന്‍റെ കണക്കുകളില്‍ കണ്ണ് വയ്ക്കാനും മാല്‍ഡ സീറ്റിലെ ഭൈമീകാമുകരെ ഇവര്‍ ഉപദേശിക്കുന്നു.
Also Read: പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് നേതാവ് കൗസ്‌തവ് ബാഗ്‌ചി ബിജെപിയില്‍