ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ അടുത്ത മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി നാളെ ചുമതലയേൽക്കും. ജനറൽ മനോജ് പാണ്ഡെയുടെ 26 മാസത്തെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് പുതിയ മേധാവി ചുമതലയേല്‍ക്കുന്നത്.
കരസേനയുടെ 30-ാമത്തെ മേധാവിയാണ് ലെഫ്റ്റനന്‍റ് ജനറൽ ദ്വിവേദി. ഘടനാപരമായും പരിഷ്‌കാരങ്ങൾ തുടങ്ങി സേന വലിയ നവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ദ്വിവേദി ചുമതലയേൽക്കുന്നത്.
വടക്കൻ ആർമി കമാൻഡറായി ദീർഘകാലം പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ് ലെഫ്റ്റനന്‍റ് ജനറൽ ദ്വിവേദി. 2024 ജൂൺ 30-ന് ഉച്ചയ്ക്ക് പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് ഉപേന്ദ്ര ദ്വിവേദിയെ കരസേന മേധാവിയായി സർക്കാർ നിയമിച്ചിരിക്കുന്നത്.
1964 ജൂലൈ- 1 ന് ജനിച്ച ലഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി 1984 ഡിസംബർ 15 ന് ആണ് ഇന്ത്യൻ ആർമിയുടെ ജമ്മു & കശ്‌മീർ റൈഫിൾസിൽ കമ്മീഷൻ ചെയ്യപ്പെടുന്നത്. 40 വർഷത്തോളം നീണ്ട സേവനത്തിനിടയിൽ, വിവിധ കമാൻഡ്, സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ, വിദേശ നിയമനങ്ങളിൽ അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടു.
സൈനിക് സ്‌കൂൾ റേവ, നാഷണൽ ഡിഫൻസ് കോളേജ്, യുഎസ് ആർമി വാർ കോളേജ് എന്നിവയിലെ പൂർവ്വ വിദ്യാർഥിയായ ലെഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ഡിഎസ്എസ്‌സി വെല്ലിംഗ്ടണിലും മോവിലെ ആർമി വാർ കോളജിലും കോഴ്‌സുകൾ ചെയ്‌തിട്ടുണ്ട്.
കൂടാതെ, യു.എസ്.എ.യിലെ കാർലിസിൽ യു.എസ്.എ.ഡബ്ല്യു.സി.യിലെ എൻ.ഡി.സി തത്തുല്യ കോഴ്‌സിൽ 'ഡിസ്റ്റിംഗ്വിഷ്ഡ് ഫെല്ലോ' പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. ഡിഫൻസ് ആൻഡ് മാനേജ്‌മെന്‍റ് സ്റ്റഡീസിൽ എം.ഫിലും സ്ട്രാറ്റജിക് സ്റ്റഡീസിലും മിലിട്ടറി സയൻസിലും രണ്ട് ബിരുദാനന്തര ബിരുദവും ഉണ്ട്.