ചണ്ഡിഗഢ്: ഇന്ദിരാ ഗാന്ധിയുടെ ഘാതകന്‍റെ മകന്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടി രംഗത്ത്. പഞ്ചാബിലെ ഫരീദ് കോട്ടില്‍ നിന്നാണ് ഇയാള്‍ മത്സരിക്കുന്നത്. സരബ് ജിത് സിങെന്ന 45കാരനാണ് മത്സരിക്കുന്നത്. തന്‍റെ നാട്ടുകാര്‍ പലരും നിര്‍ബന്ധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മത്സരിക്കാനിറങ്ങിയതെന്ന് അയാള്‍ പറഞ്ഞു. സ്വതന്ത്രനായാണ് മത്സരം.
ഇന്ദിരാഗാന്ധിയെ വധിച്ച രണ്ട് പേരില്‍ ബീന്ദ് സിങിന്‍റെ മകനാണ് സരബ്ജിത് സിങ്. പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായിരുന്ന ബീന്ദ് സിങും സത് വന്ത് സിങും ചേര്‍ന്നാണ് ഇന്ദിരയെ വെടി വച്ച് കൊന്നത്. 1984 ഒക്‌ടോബര്‍ 31നായിരുന്നു ആ ദാരുണ സംഭവം.
2004ലെ തെരഞ്ഞെടുപ്പിലും ഇയാള്‍ മത്സരിച്ചിരുന്നു. എന്നാല്‍ തോറ്റുപോയി. ഭട്ടിന്‍ഡയില്‍ നിന്നായിരുന്നു അന്ന് ജനവിധി തേടിയത്. 2007ല്‍ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചു. ബര്‍ണാലയിലെ ഭദൗര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടിയത്. വീണ്ടും 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫത്തേഗഡ് സാഹിബ് സീറ്റില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ടു. 1989 ല്‍ ഇയാളുടെ അമ്മ ബിമല്‍ കൗര്‍ റോപ്പര്‍ സീറ്റില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പഞ്ചാബിലെ പതിമൂന്ന് ലോക്‌സഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ്. ഫരീദ് കോട്ടില്‍ നിന്ന് ചലച്ചിത്രതാരം കരംജിത് അന്‍മോളിനെയാണ് ആം ആദ്‌മി പാര്‍ട്ടി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഗായകന്‍ ഹന്‍സ് രാജ് ഹന്‍സാണ് ബിജെപി സ്ഥാനാര്‍ത്ഥി. നിലവില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുഹമ്മദ് സാദിഖാണ് ഇവിടുത്തെ എംപി.
Also Read:ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: സ്ഥാനാര്‍ത്ഥികള്‍ക്കായി അങ്കംവെട്ടാൻ സോഷ്യല്‍ മീഡിയ വാര്‍ റൂം സജീവം