തമിഴ്‌നാട്: ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി നടൻ കമൽഹാസൻ. ചെന്നൈയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്, മത്സരിക്കാനില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയത്.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലും ഇന്ത്യ സഖ്യം ധാരണയിലേക്ക്. ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തില്‍ ഇത്തവണ നടന്‍ കമല്‍ ഹാസന്‍റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സഹകരിക്കും. ഇതോടെ ഡിഎംകെ സഖ്യത്തിന്‍റെ താര പ്രചാരകനായി ഇത്തവണ കമല്‍ ഹാസന്‍ രംഗത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം അടുത്ത വർഷം ഒഴിവുവരുന്ന രാജ്യസഭ സീറ്റ് കമൽഹാസനു നൽകാമെന്നാണ് ധാരണ (Makkal Needhi Maiam).
ഡിഎംകെ കോണ്‍ഗ്രസ് സഖ്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമലോ പാര്‍ട്ടിയോ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ''താനോ തന്‍റെ പാര്‍ട്ടിയോ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, എന്നാല്‍ ഡിഎംകെ സഖ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. സഹകരണം ഏതെങ്കിലും സ്ഥാനത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്'' എന്നായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം.
എന്നാല്‍, മക്കള്‍ നീതി മയ്യത്തിന് 2025ല്‍ ഒരു രാജ്യസഭ സീറ്റ് ലഭിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണാചലം പ്രതികരിച്ചു. ഡിഎംകെ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. ഇത്തവണ മത്സരത്തിനില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ശനിയാഴ്‌ച (09-03-2024) രാവിലെ നടനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനുമായി കമല്‍ഹാസന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പുതിയ വാര്‍ത്തള്‍ പുറത്തുവരുന്നത് (Kamal Hasan to become Rajya sabha member).
കമൽഹാസന്‍റെ നേതൃത്വത്തിലുള്ള മക്കൾ നീതി മയ്യം ഡിഎംകെ സഖ്യത്തിൽ ഔദ്യോഗികമായി ചേരുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്‌ച. ബിജെപിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യത്തോടെയാണ് ഡിഎംകെ നയിക്കുന്ന മുന്നണി ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിന്‍റെ ഭാഗമായി നടന്ന സീറ്റുവിഭജന ചർച്ചയിലാണ് കമൽഹാസന്‍റെ എംഎൻഎമ്മിന് 2025ൽ രാജ്യസഭ സീറ്റ് നല്‍കാന്‍ തീരുമാനമായത്. ആദ്യമായാണ് ഡിഎംകെയുമായി എംഎൻഎം സഖ്യത്തിലേർപ്പെടുന്നത്.
നിലവിലെ സീറ്റ് ധാരണ അനുസരിച്ച് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ ഒന്‍പത് സീറ്റുകളില്‍ മത്സരിക്കും. പുതുച്ചേരിയില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. സഖ്യത്തിലുള്ള മുസ്ലീം ലീഗ് ഒരു സീറ്റിലും ജനവിധി തേടുന്നു. വിടുതലൈ ചിരുതായ്‌കള്‍ കച്ചി (വിസികെ) രണ്ട് സീറ്റിലും വൈകോയുടെ എംഡിഎംകെ ഒരു സീറ്റിലും മത്സരിക്കും (Makkal Needhi Maiam).