ഹൈദരാബാദ് : ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന്‍റെ തലേന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ഒരു കത്തെഴുതി, രാജ്യത്തിന്‍റെ കാര്യങ്ങളുടെ ചുക്കാൻ പിടിച്ച് 'വികസിത് ഭാരത്' (വികസിത ഇന്ത്യ) കെട്ടിപ്പടുക്കാനുള്ള തന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം അനുസ്‌മരിച്ചു.
പാവപ്പെട്ടവരുടെയും കർഷകരുടെയും യുവാക്കളുടെയും സ്‌ത്രീകളുടെയും ജീവിതനിലവാരം ഉയർത്താൻ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം കൈക്കൊണ്ട നടപടികളെ കുറിച്ചാണ് കത്തിൽ വ്യക്തമാക്കുന്നത്. തന്‍റെ ഭരണത്തിലൂടെ നേടിയ നേട്ടങ്ങളുടെ ഹ്രസ്വവും എന്നാൽ സമഗ്രവുമായ ഒരു ലിസ്‌റ്റ് അദ്ദേഹം പുറത്തെടുത്തു.
ജിഎസ്‌ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് നിയമനിർമ്മാണം, വനിത സംവരണ നിയമം, തീവ്രവാദം, ഇടതുപക്ഷ തീവ്രവാദം എന്നിവയ്‌ക്ക് പുറമെ പുതിയ പാർലമെന്‍റ് മന്ദിരം പണിതുയർത്തി എന്നതാണ് ബിജെപി ഭരണത്തിന്‍റെ നാഴികക്കല്ലുകൾ എന്നും അദ്ദേഹം അനുസ്‌മരിച്ചു.
ജനാധിപത്യത്തിനും വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിനുമുള്ള താക്കോൽ പൊതുജനപങ്കാളിത്തമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തന്‍റെ യാത്ര ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ഇന്ത്യയിലെ ജനങ്ങളുടെ നിരന്തരമായ പിന്തുണയും തേടി.
എന്താണ് വികസിത് ഭാരത്? : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശന രേഖയാണ് വികസിത് ഭാരത് @ 2047. രാജ്യത്തിന്‍റെ അഭിവൃദ്ധിയുടെ ഒരു സമ്പൂർണ ബ്ലൂപ്രിന്‍റിനെ ഇത് പ്രതിനിധീകരിക്കുന്നു, മാത്രമല്ല ഇത് ഒരു ക്യാച്ച്‌ഫ്രെയ്‌സ് അല്ലെന്നും അദ്ദേഹത്തിന്‍റെ വെബ്‌സൈറ്റ് പറയുന്നു. 'ഈ ദർശനം അതിന്‍റെ അമൃത് കാലിൽ ഇന്ത്യക്ക് ഒരു മാർഗനിർദേശ തത്വമായിരിക്കും' എന്നും അത് അവകാശപ്പെടുന്നു.
പ്രധാനമന്ത്രി മോദിയുടെ കത്തിൻ്റെ പൂർണരൂപം:
എന്‍റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ,
ഞങ്ങളുടെ പങ്കാളിത്തം ഒരു ദശാബ്‌ദം പൂർത്തിയാക്കുന്നതിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. 140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും എന്നെ പ്രചോദിപ്പിക്കുന്നു.
കഴിഞ്ഞ 10 വർഷത്തിനിടയിലെ നമ്മുടെ സർക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമാണ് ജനജീവിതത്തിൽ ഉണ്ടായ പരിവർത്തനം. ദരിദ്രരുടെയും കർഷകരുടെയും യുവാക്കളുടെയും സ്‌ത്രീകളുടെയും ജീവിതനിലവാരം ഉയർത്താൻ നിശ്ചയദാർഢ്യമുള്ള ഒരു ഗവൺമെന്‍റ് നടത്തിയ ആത്മാർഥമായ ശ്രമങ്ങളുടെ ഫലമാണ് ഈ പരിവർത്തന ഫലങ്ങൾ.
പ്രധാനമന്ത്രി ആവാസ് യോജന വഴിയുള്ള വീടുകൾ, എല്ലാവർക്കും വൈദ്യുതി, വെള്ളം, എൽപിജി, ആയുഷ്‌മാൻ ഭാരത് വഴി സൗജന്യ ചികിത്സ, കർഷകർക്ക് ധനസഹായം, മാതൃ വന്ദന യോജന വഴി സ്‌ത്രീകൾക്ക് സഹായം തുടങ്ങി നിരവധി ശ്രമങ്ങളുടെ വിജയമാണ് സാധ്യമായത്. നിങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസമാണ് ഇതിനെല്ലാമുള്ള നിമിത്തമെന്നും അദ്ദേഹം പറഞ്ഞു.
പാരമ്പര്യവും ആധുനികതയും ഒരുപോലെ കൈകോർത്ത് നമ്മുടെ രാഷ്‌ട്രം മുന്നേറുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂർവമായ നിർമ്മാണത്തിന് കഴിഞ്ഞ ദശകം സാക്ഷ്യം വഹിച്ചപ്പോൾ, നമ്മുടെ സമ്പന്നമായ ദേശീയ സാംസ്‌കാരിക പൈതൃകത്തിന്‍റെ പുനരുജ്ജീവനവും ഉണ്ടായിട്ടുണ്ട്. ഇന്ന്, രാഷ്‌ട്രം അതിന്‍റെ സമ്പന്നമായ സംസ്‌കാരം ആഘോഷിക്കുന്നതിനൊപ്പം മുന്നോട്ട് പോകുന്നുവെന്നതിൽ ഓരോ പൗരനും അഭിമാനിക്കുന്നു.
ജിഎസ്‌ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് സംബന്ധിച്ച പുതിയ നിയമം, പാർലമെൻ്റിൽ സ്‌ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ നാരി ശക്തി വന്ദൻ നിയമം തുടങ്ങി ചരിത്രപരവും സുപ്രധാനവുമായ നിരവധി തീരുമാനങ്ങൾ എടുക്കാനാകുമെന്നത് നിങ്ങളുടെ വിശ്വാസത്തിന്‍റെയും പിന്തുണയുടെയും അളവുകോലാണ്. പുതിയ പാർലമെന്‍റ് കെട്ടിടവും തീവ്രവാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനും എതിരായ ശക്തമായ നടപടികളും.
ജനാധിപത്യത്തിന്‍റെ സൗന്ദര്യം ജൻഭാഗിദാരി അല്ലെങ്കിൽ പൊതു പങ്കാളിത്തത്തിലാണ്. രാജ്യത്തിന്‍റെ ക്ഷേമത്തിനായി ധീരമായ തീരുമാനങ്ങൾ എടുക്കാനും അഭിലഷണീയമായ പദ്ധതികൾ ആവിഷ്‌കരിക്കാനും അവ സുഗമമായി നടപ്പിലാക്കാനും എനിക്ക് വലിയ കരുത്ത് നൽകുന്നത് നിങ്ങളുടെ പിന്തുണയാണ്.
ഒരു വികസിത് ഭാരത് കെട്ടിപ്പടുക്കുന്നതിനുള്ള ദൃഢനിശ്ചയം നിറവേറ്റുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ ആശയങ്ങളും നിർദേശങ്ങളും പിന്തുണയും എനിക്ക് ആവശ്യമാണ്. നമ്മൾ ഒരുമിച്ച് നമ്മുടെ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.
നിങ്ങളുടെ ശോഭനമായ ഭാവിക്ക് ആശംസകളോടെ.