ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് വെള്ളിയാഴ്‌ച (ഏപ്രിൽ 19) നടക്കുന്ന സാഹചര്യത്തില്‍, ഭാരതീയ ജനത പാർട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള എൻഡിഎയിലെയും ഇന്ത്യ ബ്ലോക്കിന്‍റെയും പ്രമുഖ മുഖങ്ങള്‍ മത്സര രംഗത്ത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ലോക്‌സഭ സീറ്റ് ഉജ്വല പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക, സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ഡിഎംകെ നേതാവ് ഗണപതി പി രാജ്‌കുമാറിനെയും അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (എഐഎഡിഎംകെ) സിംഗൈ രാമചന്ദ്രനെയും നേരിടും.
ദക്ഷിണേന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാൻ ബിജെപി കടുത്ത സമ്മർദം ചെലുത്തുന്നതായി അതിന്‍റെ തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍റെ സ്ഥാനാർഥിത്വം കാണിക്കുന്നു. അർപ്പണബോധമുള്ള അനുയായികളുള്ള തമിഴ്‌നാട്ടിൽ പ്രമുഖ പ്രാധാന്യമുള്ള ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ പാർട്ടികളിൽ നിന്നാണ് അണ്ണാമലൈ ശക്തമായ മത്സരം നേരിടുന്നത്.
'തമിഴ്‌നാട്ടിൽ സത്യസന്ധമായ രാഷ്‌ട്രീയമാറ്റം വരാനും യുവരാഷ്‌ട്രീയം പിറവിയെടുക്കാനും, എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കാനും, കൊങ്കു നാടിന്‍റെ അഭിമാനം രാജ്യമെങ്ങും അറിയാനും, കോയമ്പത്തൂരിന് വികസനത്തിന്‍റെ പാതയിൽ സഞ്ചരിക്കാനും, കോയമ്പത്തൂർ പാർലമെന്‍റിലെ എല്ലാ വോട്ടർമാരോടും താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ ഞാൻ ആത്മാർഥമായി അഭ്യർത്ഥിക്കുന്നു' -എന്ന് അണ്ണാമലൈ തന്‍റെ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.
കേന്ദ്ര റോഡ് ഗതാഗത - ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി മഹാരാഷ്‌ട്രയിലെ നാഗ്‌പൂർ പാർലമെന്‍റ് സീറ്റിൽ നിന്ന് തുടർച്ചയായ മൂന്നാം വിജയമാണ് ഉറ്റുനോക്കുന്നത്. മുതിർന്ന ബിജെപി നേതാവ് നിതിൻ ഗഡ്‌കരിയും നിലവിൽ നാഗ്‌പൂർ വെസ്‌റ്റ് എംഎൽഎയും കോൺഗ്രസ് സ്ഥാനാർഥി വികാസ് താക്കറെയും തമ്മിലുള്ള മത്സരത്തിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. അടുത്തിടെയാണ് നിതിൻ ഗഡ്‌കരി നാഗ്‌പൂർ ലോക്‌സഭ മണ്ഡലത്തിലെ 'വചന നാമ' (മാനിഫെസ്‌റ്റോ) പുറത്തിറക്കിയത്.
'നാഗ്‌പൂരിൽ ജൈവ പഴങ്ങളും പച്ചക്കറികളും ഭക്ഷ്യധാന്യ വിപണിയും തുറക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു'വെന്ന് നിതിൻ ഗഡ്‌കരി പറഞ്ഞു. 'എന്‍റെ വിജയത്തെക്കുറിച്ച് എനിക്ക് 101 ശതമാനം ഉറപ്പുണ്ട്. ഇത്തവണ ഞാൻ തെരഞ്ഞെടുപ്പിൽ മികച്ച മാർജിനിൽ വിജയിക്കും. പൊതുജനങ്ങളുടെ പിന്തുണ കണക്കിലെടുക്കുമ്പോൾ, അവരുടെ ആവേശവും പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനവും ഞാൻ കണ്ടതാണ്. 5 ലക്ഷത്തിലധികം മാർജിനിൽ വിജയിക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്ന്' സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം നിതിൻ ഗഡ്‌കരി പറഞ്ഞു.
2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 55.7 ശതമാനം വോട്ട് വിഹിതത്തിലാണ് നിതിൻ ഗഡ്‌കരിയുടെ വിജയം. 2,16,009 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോളെയെ പരാജയപ്പെടുത്തിയത്. 2021 ൽ കോൺഗ്രസ് വിട്ട ജിതിൻ പ്രസാദ, പിലിഭിത്തിൽ നിന്ന് രണ്ട് തവണ എംപിയായ വരുൺ ഗാന്ധിയെ മാറ്റി ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിലെത്തിയ പ്രമുഖ മുഖങ്ങളിലൊന്നാണ്.
കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും ഭൂരിഭാഗം സീറ്റുകളും നേടി യുപിയിൽ ബിജെപി മികച്ച ഭൂരിപക്ഷം പ്രകടമാക്കിയിരുന്നു. യുപിയിലെ 80 ലോക്‌സഭ മണ്ഡലങ്ങളിൽ ഒന്നായ പിലിഭിത്തിൽ ഇന്നാണ് വോട്ടെടുപ്പ്. ബിജെപിയുടെ ജിതിൻ പ്രസാദ, സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) ഭഗവത് സരൺ ഗാങ്‌വാർ, ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്‌പി) അനിസ് അഹമ്മദ് ഖാൻ എന്നിവരാണ് പിലിഭിത്തിൽ നിന്നുള്ള സ്ഥാനാർഥികൾ. 2004 ലെ തെരഞ്ഞെടുപ്പിൽ ഷാജഹാൻപൂരിൽ നിന്നും 2009 ലെ തെരഞ്ഞെടുപ്പിൽ ധരുര മണ്ഡലത്തിൽ നിന്നും ബിജെപിയുടെ ജിതിൻ പ്രസാദ വിജയിച്ചിരുന്നു.
2019 ലെ തെരഞ്ഞെടുപ്പിൽ, ബിജെപിയുടെ നേതാവ് വരുൺ ഗാന്ധി പിലിഭിത്തിൽ വിജയിച്ചു, 59.4 ശതമാനം വോട്ടോടെ 704,549 വോട്ടുകൾ നേടി ശ്രദ്ധേയമായ ജനവിധിയാണ് അദ്ദേഹം ഉറപ്പിച്ചത്.
ബിഹാറിൽ, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ള ഗയ മണ്ഡലത്തിൽ നിന്നാണ്. 14 സ്ഥാനാർഥികളാണ് ഇവിടെ നിന്നും മത്സരിക്കുന്നത്. 79 കാരനായ ജിതൻ റാം മാഞ്ചിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് വളരെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
2024 ലെ തെരഞ്ഞെടുപ്പിൽ, ബിജെപി അതിന്‍റെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച-സെക്കുലറിന് (HAM-S) ഗയ (സംവരണം) സീറ്റ് വിട്ടുകൊടുത്തു. ജിതൻ റാം മാഞ്ചിയും മുൻ മന്ത്രിയും ആർജെഡി സ്ഥാനാർഥിയുമായ കുമാർ സർവ്ജീതും തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ട്. ജെഡിയുവിൻ്റെ വിജയ് മാഞ്ചി എന്ന വിജയ് കുമാറാണ് നേരത്തെ ഈ സീറ്റിനെ പാർലമെൻ്റിൽ പ്രതിനിധീകരിച്ചിരുന്നത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 1.52 ലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ജെഡിയു സ്ഥാനാർഥി ജിതൻ റാം മാഞ്ചിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൻ്റെ ഭാഗമായിരുന്നു ജിതൻ റാം മാഞ്ചിയുടെ എച്ച്‌എഎം. "ഞങ്ങൾ പോകുന്നിടത്തെല്ലാം എല്ലാവരും 'അബ്‌കി ബാർ 400 പർ' എന്ന മുദ്രാവാക്യം ഉയർത്തുകയാണ്. പ്രധാനമന്ത്രി മോദിക്ക് വോട്ട് ചെയ്യുമെന്ന് ആളുകൾ തന്നെ പറയുന്നു. ഞങ്ങൾ ഒരു വെല്ലുവിളിയും അതിൽ കാണുന്നില്ല," എന്ന് ജിതൻ റാം മാഞ്ചി പറഞ്ഞു.
അതേസമയം, മധ്യപ്രദേശിലെ ചിന്ദ്വാരയിൽ 2019 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ ഏക സീറ്റ് തട്ടിയെടുക്കാൻ ബിജെപി ശ്രമിച്ചിരുന്നു. മുൻ മുഖ്യമന്ത്രി കമൽനാഥിൻ്റെ മകൻ നകുൽ നാഥ്, കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ കമൽനാഥിനോട് പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി വിവേക് ബണ്ടി സാഹുവിനെതിരെ ചിന്ദ്വാര സീറ്റിൽ നിന്ന് വീണ്ടും മത്സരിക്കുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനത്ത് തങ്ങൾക്ക് മുൻതൂക്കമുണ്ടെന്ന് അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേരത്തെ തന്നെ തെളിയിച്ചിരുന്നു.
2019 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് നകുൽ നാഥിന് ആകെ 47.1 ശതമാനം വോട്ട് ലഭിച്ചപ്പോൾ പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി 44.1 ശതമാനത്തിലെത്തി. മധ്യപ്രദേശിൽ ആകെ 29 ലോക്‌സഭ സീറ്റുകളാണുള്ളത്. "ചിന്ദ്വാരയിലെ ജനങ്ങൾ എനിക്ക് വീണ്ടും അവരുടെ സ്നേഹവും അനുഗ്രഹവും നൽകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്," എന്ന് നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം നകുൽ നാഥ് പറഞ്ഞു.
അതുപോലെ, ലോക്‌സഭയിലെ കോൺഗ്രസിൻ്റെ ഉപനേതാവ് ഗൗരവ് ഗൊഗോയിക്ക് ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ട് സഭയിലെത്താൻ കഴിയുമോ എന്ന് അസമിലെ ജോർഹട്ട് സീറ്റ് തീരുമാനിക്കും. ബിജെപിയുടെ ശക്തികേന്ദ്രമായാണ് മണ്ഡലത്തെ വിലയിരുത്തുന്നത്.
എന്നിരുന്നാലും, കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ കുടുംബത്തിൻ്റെ ശക്തികേന്ദ്രമായ കാസിരംഗയ്‌ക്ക് (പഴയ കാലിയാബോർ) പകരം ജോർഹട്ടിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം മത്സരം രസകരമാക്കി. ഗൗരവ് ഗൊഗോയിക്കെതിരെ സിറ്റിങ് എംപിയായ ടോപോൺ കുമാർ ഗൊഗോയ് മത്സരിക്കും. 2019 ലെ തെരഞ്ഞെടുപ്പിൽ ടോപോണിന് 5,43,288 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി സുശാന്ത ബോർഗോഹൈന് 4,60,635 വോട്ടുകളാണ് ലഭിച്ചത്.