ന്യൂഡല്‍ഹി : ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്‍റെ കടമയാണെന്ന് ഡല്‍ഹി കോടതി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയുടെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി അഭിപ്രായം വ്യക്തമാക്കിയത്. രാഷ്‌ട്രീയ ബഹുജന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണയില്‍ സൗത്ത് ഡല്‍ഹിയില്‍ നിന്ന് ജനവിധി തേടാന്‍ ഉദ്ദേശിച്ചിരുന്ന രാജന്‍ സിങ്ങാണ് ഹര്‍ജിക്കാരന്‍.
ബദര്‍പൂരിലെ തന്‍റെ ഓഫിസില്‍വച്ച് ജീവന് ഭീഷണിയായേക്കുന്ന തരത്തിലുള്ള ആക്രമണം നേരിട്ടതായി രാജന്‍ സിങ് ഹര്‍ജിയില്‍ പറയുന്നു. തന്‍റ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇയാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നതിന് തുല്യത ഉറപ്പാക്കുന്നു. ലിംഗ പരമായ വിവേചനം ഈ വ്യവസ്ഥയെ തകര്‍ക്കുന്നു എന്നും ജസ്റ്റിസ് കുമാര്‍ മെന്‍ഡിരട്ട പറഞ്ഞു.
'ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തം ഉള്‍പ്പെടെ സ്റ്റേറ്റിന്‍റെ പ്രവര്‍ത്തനത്തിന്‍റെ എല്ലാ മേഖലകളിലും അവകാശങ്ങളുടെ തുല്യ സംരക്ഷണം ഉറപ്പാക്കുന്നു. ലിംഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് നിയമത്തിന് മുന്നിലുള്ള സമത്വത്തെ തകര്‍ക്കുകയും ആര്‍ട്ടിക്കിള്‍ 14 ലംഘിക്കുകയും ചെയ്യുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്' -കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാനരന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാമനിര്‍ദേശം സമര്‍പ്പിക്കുന്നതിന് ഹര്‍ജിക്കാരന് ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ആവശ്യമാണെങ്കില്‍ അത് നല്‍കുമെന്ന് സംസ്ഥാനത്തിനായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഏപ്രില്‍ 29ന് നാമനിര്‍ദേശ നടപടികള്‍ ആരംഭിച്ചെന്നും നിയമാനുസൃതമായി നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സ്വാതന്ത്ര്യമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.