ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായി ജനവിധി. ഇത്തവണ പോരാട്ടം കടുപ്പിച്ച ഇന്ത്യ മുന്നണി 42 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നത് വെറും 36 സീറ്റുകളില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളും കാറ്റില്‍ പറത്തിയാണ് ജനം ഇന്ത്യ മുന്നണിക്ക് പിന്തുണയേകുന്നത്.
വോട്ടണ്ണെലിന്‍റെ ആദ്യ മൂന്ന് റൗണ്ടുകള്‍ പിന്നിടുമ്പോള്‍ തന്നെ സംസ്ഥാനത്ത് ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടായതാണ് കാണാനായത്. 80 സീറ്റുകളുള്ള സംസ്ഥാനത്ത് 36 ഇടത്ത് എന്‍ഡിഎയ്‌ക്ക് ലീഡ് ലഭിച്ചപ്പോള്‍ ഇന്ത്യ മുന്നണി 42 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ 35 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയും 7 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മുന്നിലുള്ളത്.
സംസ്ഥാനത്ത് ബിജെപി തൂത്തുവാരുമെന്നായിരുന്നു നേതാക്കളുടെ വാദം. എക്‌സിറ്റ് പോളിലെ പ്രവചനങ്ങളും വിജയം ഉറപ്പിക്കാമെന്നത് തന്നെയായിരുന്നു. എന്നാല്‍ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ വന്‍ തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായിട്ടുള്ളത്.
വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണിപ്പോള്‍ ലീഡ് ചെയ്യുന്നത്. എന്നാല്‍ വോട്ടണ്ണെലിനിടെ കോണ്‍ഗ്രസിന്‍റെ അജയ് റായ് ഏറെ നേരം മുന്നിട്ട് നിന്നതും ബിജെപിയെ ആശങ്കയിലാക്കിയിരുന്നു. ഏറെ നേരെ നിലനിന്ന ആശങ്കയ്‌ക്ക് പിന്നാലെ വീണ്ടും മോദി തന്നെയാണിപ്പോള്‍ മുന്നിട്ട് കൊണ്ടിരിക്കുന്നത്. അതേസമയം സ്‌മൃതി ഇറാനിക്ക് വന്‍ തിരിച്ചടിയാണ് അമേഠിയിലുണ്ടായികൊണ്ടിരിക്കുന്നത്.
രാഹുല്‍ ഗാന്ധിക്ക് പകരം കിഷോരിലാല്‍ ശര്‍മയെയാണ് ഇത്തവണ സ്‌മൃതി ഇറാനി നേരിട്ടത്. കോണ്‍ഗ്രസിന്‍റെ പരമ്പരാഗത സീറ്റായിരുന്ന അമേഠിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തിലേറിയിരുന്നു. എന്നാല്‍ ഇത്തവണ അത് തിരിച്ചുപിടിക്കുമെന്ന ഫലസൂചനകളാണ് വോട്ടെണ്ണലിലൂടെ പുറത്ത് വരുന്നത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തകര്‍പ്പന്‍ പ്രകടനം ഇത്തവണ യുപിയില്‍ തകര്‍ന്നടിയുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അയോധ്യയിലെ രാമക്ഷേത്രം അടക്കം തെരഞ്ഞെടുപ്പിന് മുന്നേടിയായി പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയതിലൂടെ നിരവധി വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. കഴിഞ്ഞ തവണ 62 സീറ്റുകളിലായിരുന്നു എന്‍ഡിഎ മുന്നിട്ടത്.
കഴിഞ്ഞ തവണ യുപിയില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ ഇന്ത്യ സഖ്യത്തിന്‍റെ ബലത്തില്‍ അത്യുഗ്രന്‍ പ്രകടനമാണ് കാഴ്‌ചവച്ചത്. 2019ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്‌പി പത്തും സമാജ്‌വാദി പാര്‍ട്ടി അഞ്ചും അപ്‌നാ ദളിന് ഒരു സീറ്റുമാണ് ലഭിച്ചിരുന്നത്. ഇത്തവണ ഇന്ത്യ സഖ്യത്തിന്‍റെ ഒരുമിച്ചുള്ള പ്രയത്നമാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ ചിത്രം മാറ്റി കുറിച്ചത്. 17 സീറ്റില്‍ മാത്രം മത്സരിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത്.
അയോധ്യയിലെ രാമക്ഷേത്രം അടക്കം രാഷ്‌ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നു എന്‍ഡിഎയുടേത്. എന്നാല്‍ തൊഴിലില്ലായ്‌മയും ജനവിരുദ്ധ വികാരവുമായിരിക്കാം ഇത്തവണ യുപിയിലെ കാവിക്കോട്ടയ്‌ക്ക് തിരിച്ചടിയായത്.
Also Read: വയനാടുറപ്പിച്ച് രാഹുല്‍ ഗാന്ധി ; കുതിപ്പ് പടുകൂറ്റന്‍ ലീഡിലേക്ക്