ന്യൂഡൽഹി: പ്രതിപക്ഷ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഡൽഹിയില്‍ മഹാ റാലി സംഘടിപ്പിച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ. ഡൽഹിയിലെ രാംലീല മൈതാനിയിലാണ് ഇന്ന് നേതാക്കൾ പ്രതിപക്ഷ ഐക്യം പ്രകടിപ്പിച്ച് അണിനിരന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അരവിന്ദ് കെജ്‌രിവാളിന്‍റെയും ഹേമന്ദ് സോറന്‍റെയും അറസ്‌റ്റ്, കോൺഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെയുള്ള എതിർപ്പറിയിച്ചുകൊണ്ടായിരുന്നു റാലി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ അന്യായ മാർഗങ്ങളിലൂടെ തനിക്ക് അനുകൂലമാക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനെന്ന പേരിൽ രാജ്യത്തെ ജനങ്ങളോട് വോട്ടഭ്യർത്ഥന നടത്തുന്നതായും റാലിയിൽ നേതാക്കൾ ആരോപിച്ചു. അരവിന്ദ് കെജ്‌രിവാളിന്‍റെയും ഹേമന്ദ് സോറന്‍റെയും അറസ്‌റ്റും, കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതും, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചതും, ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളും ഇത് സൂചിപ്പിക്കുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 400 ലധികം സീറ്റുകൾ ബിജെപി നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാതെ ശരിയായ രീതിയിൽ മത്സരിച്ചാൽ ബിജെപിക്ക് 180 സീറ്റ് പോലും കടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും കുറച്ച് ധനികരും ചേർന്ന് രാജ്യത്തിന്‍റെ ഭരണഘടന വരെ മാറ്റാൻ ഒത്തുകളിക്കുകയാണ്. ഭരണഘടനയെ രക്ഷിക്കാനായി എല്ലാവരും വോട്ട് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പഞ്ചാബിൽ ആം ആദ്‌മി പാർട്ടിയുമായി മത്സരിക്കുമെങ്കിലും ഇരുവരുടെയും ലക്ഷ്യം ഭരണഘടനയെ സംരക്ഷിക്കുക എന്നതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തേജസ്വി യാദവും അഖിലേഷ് യാദവും ബിജെപിയുടെ 400 ലധികം സീറ്റുകൾ ഇത്തവണ ലഭിക്കുമെന്ന അവകാശവാദത്തെ ചോദ്യം ചെയ്‌തു.
ഇത്തവണ വിജയിക്കുമെന്ന് ബിജെപിക്ക് അത്ര ആത്മവിശ്വാസമുണ്ടെങ്കിൽ, തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് രണ്ട് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ജയിലിലടക്കേണ്ട ആവശ്യമെന്തായിരുന്നുവെന്നും തേജസ്വി യാദവ് ചോദിച്ചു. സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇന്ത്യ സഖ്യത്തിനുള്ളിൽ തുടരുന്നുണ്ടെങ്കിലും ഇന്ന് നടന്ന റാലിയിൽ നേതാക്കളിൽ നിന്ന് അനുകൂലമായ അഭിപ്രായങ്ങളാണ് ലഭിച്ചത്. മാർച്ച് 3 ന് പട്‌നയിലും മാർച്ച് 17 ന് മുംബൈയിലും റാലി നടന്നിരുന്നു. ഇന്ത്യ സഖ്യത്തിന്‍റെ മൂന്നാമത്തെ റാലിയാണ് ഇന്ന് ഡൽഹി രാംലീല മൈതാനിയിൽ നടന്നത്.