ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. 300ലേറെ സീറ്റ് നേടുക എന്നത് തന്നെ അസാധ്യമാണെന്നും തിരുവനന്തപുരം ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ശശി തരൂർ പറഞ്ഞു. 200 സീറ്റ് പോലും ഇത്തവണ ബിജെപിക്ക് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാകും ഉണ്ടാവുക. 2019-ലെ പ്രകടനത്തേക്കാൾ മോശമായ പ്രകടനമായിരിക്കും ഇത്തവണ കാഴ്‌ചവെക്കുകയെന്നും തരൂർ അവകാശപ്പെട്ടു. തിരുവനന്തപുരം മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടന്നത്. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനോടും എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനോടും പൊരുതിയ താൻ സുഖകരമായ വിജയം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തവണയും ജയിച്ചാൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം എംപി ആവുന്നത് തരൂർ ആവും. 190 ലോക്‌സഭ സീറ്റുകളിലേക്കാണ് ഇതുവരെ വോട്ടെടുപ്പ് നടന്നത്. ഇതുവരെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിൽ കോൺഗ്രസിന് അനുകൂലമാണെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു.
തെക്കേ ഇന്ത്യയിൽ കഴിഞ്ഞ തവണത്തേക്കാൾ മോശമായിരിക്കും ബിജെപിയുടെ സ്ഥിതി. ബിജെപി തോൽക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ തവണ വിജയിച്ച ഇടങ്ങളിൽ ഇത്തവണയും നിലനിർത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് അസാധ്യമാണെന്നും ശശി തരൂർ പറഞ്ഞു.
Also Read: 'തിരുവനന്തപുരം അവസാന മേൽവിലാസം'; മറ്റെവിടെയും പോയി താമസിക്കില്ലെന്ന് ശശി തരൂർ