ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 13 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. കേരളം, കര്‍ണാടക, മണിപ്പൂര്‍, ത്രിപുര സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലേക്കുമാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ എട്ടും മധ്യപ്രദേശില്‍ ഏഴ് സീറ്റിലുമാണ് വോട്ടെടുപ്പ്. അസം, ബിഹാര്‍ എന്നിവിടങ്ങളില്‍ അഞ്ച് സീറ്റിലും പശ്ചിമ ബംഗാളിലും ഛത്തീസ്‌ഗഡിലും മൂന്ന് സീറ്റിലും ജമ്മു കശ്‌മീരിലെ ഒരു സീറ്റിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഔട്ടര്‍ മണിപ്പൂരിലെ 13 സീറ്റുകളാണ് ഇന്ന് ജനവിധിയെഴുതുന്നത്. അതേസമയം, പശ്ചിമബംഗാളില്‍ നിന്നും നിരവധി പരാതികളും ഉയര്‍ന്ന് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ 30ല്‍ അധികം പരാതികള്‍ നല്‍കിയതായാണ് വിവരം. ഇതില്‍ 17 പരാതികളും ബാലൂർഘട്ടില്‍ നിന്നാണ്. നക്‌സലൈറ്റ് സാന്നിധ്യമുള്ള ഛത്തീസ്‌ഗഡിലെ മൂന്ന് മണ്ഡലങ്ങളില്‍ ആദ്യ രണ്ട് മണിക്കൂറില്‍ 15 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ ഉള്‍പ്പടെയുള്ള പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിലാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമൻ വോട്ട് രേഖപ്പെടുത്തിയത്. കര്‍ണാടകയില്‍ പൊതുവെ ചൂട് കൂടിയ കാലാവസ്ഥയാണെങ്കില്‍പ്പോലും എല്ലാ വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു.
രാജസ്ഥാനിലെ ജോഥ്പൂര്‍ മണ്ഡലത്തിലാണ് അശോക് ഗെലോട്ട് വോട്ട് രേഖപ്പെടുത്തിയത്. നിങ്ങളുടെ നേതാവിനെ കണ്ടെത്താൻ എല്ലാവരും വോട്ട് ചെയ്യണമെന്ന് എഴുത്തുകാരിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍റെ മുന്‍ ചെയര്‍പേഴ്‌സണുമായ സുധാ മുര്‍ത്തി ആവശ്യപ്പെട്ടു. ബെംഗളൂരുവിലായിരുന്നു സുധാ മൂര്‍ത്തി വോട്ട് രേഖപ്പെടുത്തിയത്.
രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവര്‍ക്കൊപ്പം സിനിമാ താരം പ്രകാശ് രാജും ബെംഗളൂരുവിലാണ് വോട്ട് രേഖപ്പെടുത്തിയത്. മാറ്റത്തിനും വിദ്വേഷത്തിനെതിരെയും പാര്‍ലമെന്‍റില്‍ തന്‍റെ ശബ്‌ദമാകേണ്ട നേതാവിനുമായാണ് താൻ വോട്ട് ചെയ്‌തതെന്ന് പ്രകാശ് രാജ് പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുൻ ഗാര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവര്‍ വോട്ടര്‍മാരോട് തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്.