ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ബരാസത്ത്, മഥുരാപൂർ ലോക്‌സഭ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ തിങ്കളാഴ്‌ച റീപോളിങ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ബംഗാളില്‍ ഇന്ന് റീപോളിങ് നടക്കുന്നത്. ബരാസത്ത് പോളിങ് സ്‌റ്റേഷനിലെയും 20-മഥുരാപൂർ (എസ്‌സി) പോളിങ് സ്‌റ്റേഷനിലെയും ആർഒ, ഡിഇഒ, നിരീക്ഷകർ എന്നിവരിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് റീപ്പോളിങ് നടത്തുന്നത്.
ജൂൺ ഒന്നിന് പശ്ചിമ ബംഗാളിൽ നടന്ന ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച വോട്ടെടുപ്പ് അസാധുവാക്കുന്നു എന്നും ജൂൺ മൂന്നിന് പോളിങ് വീണ്ടും നടത്താൻ തീരുമാനിക്കുന്നുവെന്നും പശ്ചിമ ബംഗാൾ ചീഫ് ഇലക്‌ടറൽ ഓഫിസർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ കത്തിൽ പറഞ്ഞിരുന്നു. ജൂൺ ഒന്നിന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി), ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐഎസ്എഫ്), ഭാരതീയ ജനത പാർട്ടി (ബിജെപി) എന്നീ പാർട്ടികളുടെ അനുയായികൾ തമ്മിൽ സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ഏറ്റുമുട്ടുകയുണ്ടായി.
ശനിയാഴ്‌ച ബയബരിയില്‍ തൃണമൂൽ കോൺഗ്രസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഈ രണ്ട് സംഘർഷത്തെയും കണക്കിലെടുത്താണ് പോളിങ് വീണ്ടും നടത്താൻ തീരുമാനിച്ചത്.
Also Read: 'ആദ്യം തപാൽ ബാലറ്റുകൾ എണ്ണണ്ണം'; തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പുതിയ ആവശ്യവുമായി ഇന്ത്യ മുന്നണി