ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഏഴാം ഘട്ടം രാജ്യത്ത് പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ, കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ അനുരാഗ് താക്കൂര്‍, ആര്‍ജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, മുൻ ക്രിക്കറ്റ് താരം ഹര്‍ഭജൻ സിങ്, ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദ തുടങ്ങിയവരെല്ലാം വോട്ട് രേഖപ്പെടുത്തി. ഏഴ് സംസ്ഥാനങ്ങള്‍, ഒരു കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളാണ് തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തില്‍ വിധിയെഴുതുന്നത്.
രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പ്രമുഖ നേതാക്കളില്‍ പലരും ആദ്യ മണിക്കൂറുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയായിരുന്നു വോട്ട് ചെയ്യാൻ ആദ്യമെത്തിയ പ്രമുഖരില്‍ ഒരാള്‍.
ഹിമാചല്‍ പ്രദേശിലെ ബിലാസ്‌പുര്‍ മണ്ഡലത്തിലുള്ള പോളിങ് ബൂത്തിലായിരുന്നു നദ്ദ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസ്ഥാനത്തെ മുഴുവൻ ലോക്‌സഭ സീറ്റിലേക്കും കൂടാതെ എല്ലാ അസംബ്ലി സീറ്റിലേക്കും ബിജെപി പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ഗോരഖ്‌പൂരിലെ ഗോരഖ്‌നാഥിലുള്ള പോളിങ് ബൂത്തിലായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ട് ചെയ്യാനെത്തിയത്. ബിജെപിയുടെ രവി കിഷൻ, സമാജ്‌വാദി പാര്‍ട്ടിയുടെ കാജല്‍ നിഷാദ്, ബിഎസ്‌പിയുടെ ജാവേദ് അഷ്‌റഫ് എന്നിവരാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
മുൻ ക്രിക്കറ്റ് താരവും ആം ആദ്‌മി പാര്‍ട്ടിയുടെ രാജ്യസഭ എംപിയുമായ ഹര്‍ഭജൻ സിങ് ജലന്ധറിലെ പോളിങ് ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. പട്‌നയിലെ പോളിങ് ബൂത്തിലായിരുന്നു ആര്‍ജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് വോട്ട് രേഖപ്പെടുത്തിയത്.
സംഗ്രൂർ മണ്ഡലത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിന്‍റെ സുഖ്‌പാല്‍ സിങ് ഖൈര, ബിജെപിയുടെ അരവിന്ദ് ഖന്ന, ആം ആദ്‌മി പാര്‍ട്ടിയുടെ ഗുര്‍മീത് സിങ് മീത് ഹയെര്‍ ശിരോമണി അകാലി ദള്‍ സ്ഥാനാര്‍ഥി സിമ്രൻജീത് സിങ് മാൻ എന്നിവരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഹാമിര്‍പൂരിലെ മണ്ഡലത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതേ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥി കൂടിയാണ് അനുരാഗ് താക്കൂര്‍.