ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ (മെയ് 20) നടക്കും. 49 മണ്ഡലങ്ങളിലാണ് തിങ്കളാഴ്‌ച പോളിങ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആകെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ഉത്തര്‍പ്രദേശിലെ 14 ഉം മഹാരാഷ്‌ട്രയിലെ 13 ഉം മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. കൂടാതെ, പശ്ചിമ ബംഗാളില്‍ ഏഴും ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ മൂന്നും ജമ്മു കശ്‌മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് പോളിങ് നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷ വിധാൻ സഭയിലേക്കുള്ള 35 മണ്ഡലങ്ങളിലെ വോട്ടെടുപ്പും നാളെയാണ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയും, അമേഠിയുമാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങള്‍. കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയാണ് റായ്‌ബറേലിയില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി. ഇവിടെ അഞ്ച് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തന്നെ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
രാജ്‌നാഥ് സിങ്, സ്‌മൃതി ഇറാനി, ചിരാഗ് പാസ്വാൻ, ഒമര്‍ അബ്‌ദുള്ള എന്നിവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റ് പ്രമുഖര്‍. ലഖ്‌നൗ, മുംബൈ നോര്‍ത്ത്, ഹാജിപുര്‍, ബാരാമുള്ള എന്നിവിടങ്ങളാണ് ഈ ഘട്ടത്തിലെ മറ്റ് പ്രധാന മണ്ഡലങ്ങള്‍.
അഞ്ചാം ഘട്ടത്തിന് ശക്തമായ സുരക്ഷ : തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളിലും സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലുള്ള 57 ശതമാനം പോളിങ് സ്റ്റേഷനുകളും പ്രശ്‌നബാധിത ബൂത്തുകളാണ്. 60,000 കേന്ദ്ര സേനാംഗങ്ങളെയും പൊലീസിന്‍റെ 30,000ത്തോളം ഉദ്യോഗസ്ഥരെയുമാണ് തെരഞ്ഞെടുപ്പ് സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിലും സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബാരിക്കേഡുകള്‍ തയ്യാറാക്കി ഹൈവേകളിലും റോഡുകളിലും കര്‍ശന വാഹന പരിശോധനകളാണ് മഹാരാഷ്‌ട്രയിലെ ആറ് മണ്ഡലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏഴ് ഘട്ടങ്ങളിലായുള്ള പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നാല് ഘട്ടങ്ങളിലായി 379 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് പൂര്‍ത്തിയായത്. ഏപ്രില്‍ 19, 26, മെയ് 07, 13 തീയതികളില്‍ ആയിട്ടായിരുന്നു ആദ്യ നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പ്. മെയ് 25, ജൂണ്‍ 1 തീയതികളിലായാണ് അവസാന രണ്ട് ഘട്ടങ്ങള്‍. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.