ഭോപ്പാല്‍: കോണ്‍ഗ്രസിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. മതത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് രാജ്യത്തെ ഭിന്നിപ്പിക്കുന്നുവെന്ന് മോദി ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ചെയ്‌ത പാപങ്ങള്‍ക്ക് പരിഹാരം കാണാനാണ് ബിജെപിയുടെ ശ്രമമെന്നും മധ്യപ്രദേശിലെ മൊറേനയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു .
ഭാരതാംബയുടെ കണ്ണികള്‍ വിളക്കി ചേര്‍ക്കുന്നതിന് പകരം ഭാരതാംബയുടെ കൈ വെട്ടിമാറ്റുകയാണ് കോണ്‍ഗ്രസ്. മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ തുടങ്ങിയത് കോണ്‍ഗ്രസാണെന്നും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. എങ്ങനെയും അധികാരത്തില്‍ തിരിച്ചെത്താനാണ് അവരുടെ ശ്രമമെന്നും മോദി ആരോപിച്ചു. അധികാരത്തിന് വേണ്ടി രാജ്യത്തെ വിഭജിച്ചവരാണ് കോണ്‍ഗ്രസെന്നും മോദി കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാരിന്‍റെ വികസനത്തിനു മതഭേദമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും തുല്യ അവസരവും അവകാശവും എന്നതാണ് ബിജെപി നയം. രാജ്യത്തെ വിഭവങ്ങൾക്ക് ആദ്യ അവസരം ദരിദ്രർക്കും ആദിവാസികൾക്കുമാണ്. താൻ മോശം ഭാഷയിൽ സംസാരിച്ചെന്നു ചിലർ പറയുന്നു. അവർ വാചകമടിക്കുന്നവരും തങ്ങള്‍ പ്രവർത്തിക്കുന്നവരുമാണെന്നും വിദ്വേഷ പ്രസംഗം നടത്തിയെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ഭക്ഷ്യ വിതരണം ഉൾപ്പെടെയുള്ള പദ്ധതികൾ മതം നോക്കാതെയാണ് നടപ്പാക്കിയിട്ടുള്ളതെന്നു പറഞ്ഞ മോദി, കോൺഗ്രസ് പ്രധാനമന്ത്രിമാര്‍ മുസ്‌ലിം വിഭാഗത്തിനു പ്രത്യേക പ്രാധാന്യം നൽകിയെന്ന് ആവർത്തിച്ചു. ഒബിസി വിഭാഗത്തിന്‍റെ സംവരണം വെട്ടിക്കുറച്ച് മുസ്‌ലിങ്ങൾക്കു സംവരണം നൽകുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും കർണാടകയിലും അതു നടപ്പാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലേറിയാൽ മുസ്‍ലിങ്ങൾക്കു സ്വത്ത് വീതിച്ചു നൽകുമെന്ന നരേന്ദ്ര മോദിയുടെ പ്രസംഗം നേരത്തെ വിവാദമായിരുന്നു. കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക് സ്വത്തു വീതിച്ചു നൽകും എന്നാണ് രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി പറഞ്ഞത്. തിങ്കളാഴ്‌ച ഉത്തര്‍പ്രദേശിലും ഇന്നലെ ഛത്തീസ്‌ഗഡിലും സമാനമായ പരാമർശങ്ങൾ മോദി തുടർന്നു. വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും നിരവധി വ്യക്തികളും തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.