ഇംഫാൽ : മണിപ്പൂർ ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചതായി അധികൃതർ അറിയിച്ചു. ഔട്ടർ മണിപ്പൂർ പാർലമെന്‍റ് മണ്ഡലത്തില്‍ അവശേഷിച്ച സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉഖ്രുൾ ജില്ലയിൽ പൊലീസ് ഡ്രോണ്‍ നിരീക്ഷണമടക്കം നടത്തിയിരുന്നു. ഔട്ടർ മണിപ്പൂർ ലോക്‌സഭ മണ്ഡലത്തിന് കീഴിലാണ് ഉഖ്രുൾ.
'വൈകുന്നേരം 5:47 ഓടെ പോളിങ് അവസാനിച്ചു. ഇപ്പോൾ ഞങ്ങൾ വിവിപാറ്റ് പാക്ക് ചെയ്യുകയാണ്. അവ ഓഫീസിലേക്ക് അയയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍'- പ്രിസൈഡിങ് ഓഫീസർ ലീയാമി കസർ വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു. വോട്ടിങ് തുടക്കം മുതൽ അവസാനം വരെ തികച്ചും സമാധാനപരമായിരുന്നു എന്നും ലീയാമി കസർ വ്യക്തമാക്കി. ഗ്രാമത്തിലെ ആളുകൾ നന്നായി സഹകരിച്ചുവെന്നും അവര്‍ പറഞ്ഞു.
ഉഖ്രുൾ ജില്ലയില്‍ കോൺഗ്രസിന്‍റെ ആൽഫ്രഡ് കെ ആർതറും നാഗാ പീപ്പിൾസ് ഫ്രണ്ടിന്‍റെ (എൻപിഎഫ്) കച്ചുയി തിമോത്തി സിമികുമാണ് മത്സരിക്കുന്നത്. ഏപ്രിൽ 19 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മണിപൂരില്‍ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തുടര്‍ന്ന് ഇന്നർ മണിപ്പൂർ മണ്ഡലത്തിലെ 11 പോളിങ് സ്റ്റേഷനുകളിൽ ഏപ്രിൽ 22 ന് റീപോളിങ് നടത്തുകയായിരുന്നു.
13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 88 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന്(26-04-2024) അവസാനിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്‍റെ അടുത്ത ഘട്ടം മെയ് 7-ന് ആണ് നടക്കുക. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.
Also Read : വോട്ടുചെയ്യാനെത്തിയവര്‍ക്ക് നേരെ തേനീച്ച ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു - HONEY BEE ATTACK ON VOTERS