ഇംഫാല്‍ : വെടിവയ്‌പ്പും ഇവിഎം തകര്‍ക്കലും ഉള്‍പ്പടെയുള്ള അക്രമ സംഭവങ്ങള്‍ അരങ്ങേറിയ ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇന്ന് റീ പോളിങ്ങ്. 11 ബൂത്തുകളിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിങ്ങ് വൈകിട്ട് 5 മണി വരെ നീളും.
ഏപ്രില്‍ 19നായിരുന്നു മണിപ്പൂരില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ്. രാജ്യത്തെ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ട സംസ്ഥാനമായിരുന്നു മണിപ്പൂര്‍. വോട്ടെടുപ്പിനിടെ അക്രമ സംഭവങ്ങള്‍ ഉണ്ടായതോടെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഏപ്രില്‍ 22ലേക്ക് റീ പോളിങ്ങ് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശപ്രകാരമാണ് റീ പോളിങ്ങിന് ഉത്തരവിട്ടതെന്ന് മണിപ്പൂര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കുകയുണ്ടായി.
ഏപ്രില്‍ 19ന് വൈകിട്ട് 7 മണി വരെ 69.18 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നര്‍ മണിപ്പൂരിലെ 11 ബൂത്തുകളുമായി ബന്ധപ്പെട്ട് വോട്ടിംഗ് റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. ഖുറൈ അസംബ്ലി മണ്ഡലത്തിലെ മൊയിരാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, എസ് ഇബോബി പ്രൈമറി സ്‌കൂള്‍, ക്ഷേത്രിഗാവോയിലെ നാല് ബൂത്തുകള്‍, തോങ്‌ജുവിലെ ഒരു ബൂത്ത്, ഉറിപ്പോക്കിലെ മൂന്ന് ബൂത്തുകള്‍, കോന്തൗജം-ഒന്ന് എന്നിവിടങ്ങളിലാണ് റീ പോളിങ്ങ് നടക്കുന്നത്. ഇവിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അക്രമികള്‍ വെടിയുതിര്‍ക്കുകയും ഇവിഎമ്മുകള്‍ നശിപ്പിക്കുകയും ചെയ്യുകയുണ്ടായി.
വെടിവയ്‌പ്പില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റിരുന്നു. രാജ്യത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 26നാണ് നടക്കുക. കേരളം രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ട സംസ്ഥാനമാണ്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ മെയ് 7, 13, 20, 25 ജൂണ്‍ 1 തീയതികളിലാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 4നാണ് വോട്ടെണ്ണല്‍.