ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്‌ക്ക് രൂപം നൽകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. യോഗത്തിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും.
യോഗത്തിൽ പാർട്ടിയുടെ ശേഷിക്കുന്ന സ്ഥാനാർഥികളെ അന്തിമമാക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ അഭിനന്ദിക്കുന്ന പ്രമേയം പാസാക്കാനുമിടയുണ്ട്. ഏപ്രിൽ 19 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പ്രകടന പത്രിക സമിതി രൂപീകരിച്ചിരുന്നു. ഛത്തീസ്‌ഗഢ് മുൻ ഉപമുഖ്യമന്ത്രി ടി എസ് സിങ് ദിയോ ആണ് സമിതിയുടെ കൺവീനർ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, ശശി തരൂർ, പ്രിയങ്ക ഗാന്ധി എന്നിവരാണ് മറ്റ് അംഗങ്ങൾ. തെരഞ്ഞെടുപ്പ് പ്രകടന പത്രിക ജനങ്ങളുടെ പ്രകടനപത്രികയായിരിക്കുമെന്നും, പാർട്ടി നേതാക്കളുടെ പൊതു കൂടിയാലോചനയ്‌ക്കൊപ്പം ഇ-മെയിലിലൂടെയും വെബ്‌സൈറ്റിലൂടെയും നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും പി ചിദംബരം പറഞ്ഞിരുന്നു.
Also read: 'മോദി സർക്കാർ കൊളളയടിക്കാർ'; ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ ആരോപണങ്ങളുമായി കോണ്‍ഗ്രസ്