ചെന്നൈ: തമിഴ്‌നാട് ഈറോഡ് മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സിസിടിവി തകരാറിലായി. ചിത്തോടിലെ സർക്കാർ ഇൻസ്‌റ്റ്യൂട്ട് ഓഫ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് ടെക്‌നോളജിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സിസിടിവികളിൽ ഒന്നാണ് ഇന്നലെ (ഏപ്രിൽ 28) അർധരാത്രി തകരാറിലായത്. ഒരു മണിക്കൂറിനകം പ്രശ്‌നം പരിഹരിച്ചതായി ഈറോഡ് പാർലമെൻ്റ് മണ്ഡലം റിട്ടേണിങ് ഓഫിസറും ജില്ല കലക്‌ടറുമായ രാജ ഗോപാൽ സുങ്കര അറിയിച്ചു.
മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 221 സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരു കേന്ദ്രത്തിൽ മാത്രമാണ് സിസിടിവിക്ക് പ്രശ്‌നം ഉണ്ടായത്. ഉടൻ തന്നെ സിസിടിവി ഓപറേറ്റർമാരെ വിളിച്ച് പ്രശ്‌നപരിഹാരം കണ്ടതായി അദ്ദേഹം പറഞ്ഞു. പുലർച്ചെ ഒരു മണിയോടെയാണ് പ്രവർത്തനം പുനരാരംഭിച്ചതെന്നും കലക്‌ടർ പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നത് സാധാരണമാണെന്നും വിഷയത്തിൽ യാതൊന്നും സംശയിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടില്ലെന്നും കലക്‌ടർ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ത്രിതല പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയതായും, 24 മണിക്കൂറും സ്‌ട്രോങ് റൂമുകൾക്ക് കാവലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തി; കുമ്പപ്പാറ സ്വദേശി പിടിയിൽ