ഹൈദരാബാദ്: തെരഞ്ഞെടുപ്പിലെ എല്ലാ എതിരാളികളെയും നാം ഗൗരവമായി കാണണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്ത്ഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീൻ ഒവൈസി. പാർലമെൻ്റ് തെരഞ്ഞെടുപ്പായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും എല്ലാ തെരഞ്ഞെടുപ്പുകളെയും അതിന്‍റേതായ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌തിന് ശേഷമായിരുന്നു ഒവൈസിയുടെ പ്രതികരണം. എല്ലാവരും വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട അദ്ദേഹം ഹൈദരാബാദ് മണ്ഡലത്തില്‍ നിന്നും തന്‍റെ പാര്‍ട്ടി വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
"5 വർഷം മുമ്പുള്ളതുപോലെയായിരിക്കില്ല എല്ലാ തെരഞ്ഞെടുപ്പുകളും. നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും ഇന്ന് വേറെയാണ്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ വളരെ പ്രധാനപ്പെട്ടതും ചരിത്രപരവുമായതാണ്. ജനങ്ങളുടെ അനുഗ്രഹത്തോടെ ഞങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുണ്ട്" - ഒവൈസി പറഞ്ഞു.
ബിജെപിയുടെ പ്രത്യയശാസ്ത്രത്തോടോ, പ്രധാനമന്ത്രി മോദി ന്യൂനപക്ഷ സമുദായത്തിന് വേണ്ടി നടത്തിയ പ്രസ്‌താവനയോടോ ആളുകൾ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ അഗ്നിവീര്‍ യഥാര്‍ഥത്തില്‍ എന്താണ് ചെയ്‌തതെന്ന് ദയവായി മനസിലാക്കുക, അദ്ദേഹം വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ബിഎസ്എഫ്, സിആർപിഎഫ്, ആർപിഎഫ്, എസ്എസ്‌പി എന്നിവയില്‍ ഇതൊക്കെ തന്നെ ആവര്‍ത്തിക്കുമെന്നും ഒവൈസി പറഞ്ഞു.
2004 മുതൽ ഹൈദരാബാദിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അസദുദ്ദീൻ ഒവൈസി. നേരത്തെ, അവിഭക്ത ആന്ധ്രാപ്രദേശിൽ രണ്ട് തവണ അദ്ദേഹം എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബിജെപി നേതാവ് മാധവി ലതയ്‌ക്കും ബിആർഎസിൻ്റെ ഗദ്ദാം ശ്രീനിവാസ് യാദവിനെതിരെയുമാണ് ഒവൈസി മത്സരിക്കുന്നത്.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടമായ തിങ്കളാഴ്ച ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് വോട്ടിങ് നടക്കുന്നത്. ആന്ധ്രാപ്രദേശില്‍ 175 നിയമസഭ സീറ്റുകളിലേക്കും ഒഡീഷയില്‍ 28 നിയമസഭ സീറ്റുകളിലേക്കും ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ വോട്ടെടുപ്പ് നടക്കുന്നുണ്ട്.
96 ലോക്‌സഭ സീറ്റുകളിൽ ആന്ധ്രാപ്രദേശിൽ നിന്നും 25 , തെലങ്കാനയിൽ നിന്ന് 17, ഉത്തർപ്രദേശിൽ നിന്ന് 13, മഹാരാഷ്ട്രയിൽ നിന്ന് 11, മധ്യപ്രദേശിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും എട്ട് വീതം, ബീഹാറിൽ നിന്ന് അഞ്ച്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് നാല് വീതം ജമ്മു കശ്‌മിരിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
96 ലോക്‌സഭ മണ്ഡലങ്ങളിലേക്കായി ആകെ 4,264 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് മണ്ഡലങ്ങള്‍ പ്രധാനപ്പെട്ട മത്സരങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി, ടിഎംസി നേതാവ് മഹുവ മൊയ്ത്ര, ബിജെപി നേതാവ് ഗിരിരാജ് സിംഗ്,
ജെഡിയു നേതാവ് രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്), ടിഎംസി നേതാക്കളായ ശത്രുഘ്നൻ സിൻഹ, യൂസഫ് പത്താൻ, ബിജെപി നേതാക്കളായ അർജുൻ മുണ്ട, മാധവി ലത, ആന്ധ്രാപ്രദേശ് കോൺഗ്രസ് മേധാവി വൈഎസ് ശർമിള എന്നിവര്‍ നാലാം ഘട്ട തെരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാര്‍ഥികളാണ്. തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ടം വരെ 283 ലോക്‌സഭാ സീറ്റുകളിൽ പോളിങ് സുഗമമായും സമാധാനപരമായും അവസാനിച്ചു.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ടം: ജനവിധി തേടുന്നത് 1717 സ്ഥാനാര്‍ഥികൾ