അയോധ്യ : നിയമവിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഉത്തരാഖണ്ഡ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് മരിച്ചത്. ഈ മാസം 26നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഭാസ്‌കര്‍ പാണ്ഡെ എന്ന യുവാവിനാണ് ദാരുണാന്ത്യമുണ്ടായത്. സിദ്ധാര്‍ഥ് നഗറിലെ മധുബാനി ബദെപൂര്‍ നിവാസിയാണ്. ഇയാള്‍ക്കെതിരെ ഉത്തരാഖണ്ഡില്‍ ഒരു തട്ടിപ്പ് കേസ് എടുത്തിട്ടുണ്ട്.
ഇയാളെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഇയാളുടെ ആരോഗ്യ നില വഷളായി. ഇയാളെ അയോധ്യ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
മരണകാരണം അവ്യക്തം : ഇയാളുടെ മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. രുദ്രാപൂരിലെ ഒരു കമ്പനിയില്‍ ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പ് ജോലി ചെയ്‌തിട്ടുണ്ടെന്ന് ഭാര്യാപിതാവ് ദിഗ്വിജയ് നാഥ് ത്രിപാഠി പറഞ്ഞു. കമ്പനി ഇയാള്‍ ചില തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയെന്നും ഇദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാലേ വ്യക്തമാകൂ.
ഭാസ്‌കര്‍ നിരപരാധിയെന്ന് പൊലീസ് : നേരത്തെ ഇയാളെ കോടതിയിലേക്ക് വിളിച്ച് വരുത്തിയപ്പോള്‍ ഇയാള്‍ നിരപരാധിയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ മോചിപ്പിക്കപ്പെട്ടു. പൊലീസ് പിടിച്ചെടുത്ത ഇയാളുടെ രണ്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും തിരികെ നല്‍കി.
ഇയാള്‍ ഒരു പരീക്ഷ എഴുതാന്‍ വേണ്ടിയാണ് ഗോണ്ട ജില്ലയിലെ നവാബ് ഗഞ്ചിലേക്ക് വെള്ളിയാഴ്‌ച എത്തിയത്. അവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒരു സംഘം ഡോക്‌ടര്‍മാരാകും ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുക എന്ന് സര്‍ക്കിള്‍ ഓഫിസര്‍ പറഞ്ഞു.
പാണ്ഡെ ജോലി ചെയ്‌തിരുന്ന ആര്‍ എസ് ലോജിസ്റ്റിക്‌സിന്‍റെ ഉടമ ഹരിഷ് മഞ്ചല്‍ ഉത്തരാഖണ്ഡിലെ രുദ്രാപൂര്‍ കോട്‌വാലി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ തട്ടിപ്പിന് പരാതി നല്‍കിയിരുന്നു. പാണ്ഡെയും ഇയാളുടെ കൂട്ടാളികളായ അഞ്ചു പേരും ചേര്‍ന്ന് റോഡ് നികുതിയിനത്തില്‍ 52 ലക്ഷത്തിലേറെ രൂപ പറ്റിച്ചെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് പാണ്ഡെ ഉത്തരാഖണ്ഡില്‍ ജോലി ചെയ്‌തിരുന്നത്. ഇതിന് ശേഷം വീട്ടിലേക്ക് തിരികെ വന്നുവെന്ന് ഇദ്ദേഹത്തിന്‍റെ ഭാര്യാസഹോദരന്‍ പറയുന്നു. ജോലി ഇല്ലാതിരുന്നതിനാലാണ് തിരികെ വന്നത്. വേതനം തിരികെ വാങ്ങാനുള്ള കളികളും കമ്പനി കളിച്ചിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
ഉത്തരാഖണ്ഡ് പൊലീസിന്‍റെ കാര്യക്ഷമതയില്ലായ്‌മയും അശ്രദ്ധയും സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവര്‍ പാണ്ഡെയുടെ അറസ്റ്റ് സംബന്ധിച്ച് അയോധ്യ പൊലീസിനെ അറിയിച്ചിരുന്നില്ല. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇയാള്‍ക്ക് എങ്ങനെയാണ് പെട്ടെന്ന് അസുഖം ഉണ്ടായതെന്നും ഇവര്‍ ചോദിക്കുന്നു.
Also Read: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ മോഷണം; വൃദ്ധയെ കൊന്ന് വെട്ടിനുറുക്കി അഴുക്കുചാലില്‍ തള്ളി